ബെംഗളൂരു: ഭാര്യയുടെയും ഭാര്യാ വീട്ടുകാരുടേയും പീഡനം ആരോപിച്ച് 34കാരനായ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ. തിങ്കളാഴ്ച ബെംഗളൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുൽ സുഭാഷിന്റെ ഭാര്യ നികിത സിംഗാനിയ, മാതാവ്, സഹോദരൻ എന്നിവരെയാണ് വ്യത്യസ്ത ഇടങ്ങളിൽ നിന്ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് അറസ്റ്റ്. ഹരിയാനയിലെ ഗുർഗ്രാമിൽ നിന്നാണ് നികിതയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ഭാര്യാമാതാവ് നിഷയേയും ഭാര്യാ സഹോദരൻ അനുരാഗിനേയും ഉത്തർപ്രദേശിലെ അലഹബാദിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെക്കി യുവാവിന്റെ മരണത്തിൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് പ്രതിഷധം ശക്തമാകുന്നതിനിടയിലാണ് അറസ്റ്റ്. നാല് വയസ് മാത്രമുള്ള മകന്റെ ചെലവിനായുള്ള കേസ് കോടതിയിൽ നടക്കുന്നതിനിടെ പണം ലക്ഷ്യമിട്ട് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും വലിയ രീതിയിൽ മാനസിക സമ്മർദ്ദത്തിൽ ആക്കിയെന്നും കോടതിയിൽ വച്ച് ഭാര്യ പറഞ്ഞത് കേട്ട് കുടുംബ കോടതി ജഡ്ജി പരിഹസിച്ചെന്നും ആരോപിച്ചാണ് യുവാവ് ജീവനൊടുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനൊടുക്കുന്നതിന് മുൻപായി യുവാവ് ചെയ്ത 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താനുണ്ടാക്കുന്ന പണം എതിരാളികളെ ശക്തരാക്കാൻ മാത്രമാണ് പ്രയോജനപ്പെടുന്നതെന്നും തന്റെ തന്നെ പണം ഉപയോഗിച്ച് ഭാര്യയും ബന്ധുക്കളും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണം അതുൽ ഈ വീഡിയോയിൽ വിശദമാക്കിയിരുന്നു.
ഭാര്യ നൽകിയ കേസ് അതുലിന് എതിരായ ദിശയിലായിരുന്നു ഉണ്ടായിരുന്നത്. 4വയസുള്ള മകന്റെ ചെലവിനായി തുടക്കത്തിൽ 40000 രൂപ ആവശ്യപ്പെട്ട നികിത പിന്നീട് ഇത് ഇരട്ടി വേണമെന്നും പിന്നീട് 1 ലക്ഷം രൂപ മാസം വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഭാര്യയും കുടുംബവും അതുലിനെ പണത്തിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34കാരനായ അതുൽ സുഭാഷ്. വർഷങ്ങളായി വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ മൂലമുള്ള മാനസിക സമ്മർദ്ദം ഇയാൾ ആത്മഹത്യാകുറിപ്പിൽ വിശദമാക്കിയിരുന്നു. യുപി സ്വദേശിയായ അതുൽ സുഭാഷ് എന്ന 34 കാരനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. 24 പേജുള്ള കത്തെഴുതി വച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തിയിരുന്നു.