ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരണം നാളെയില്ല.എംപിമാർക്ക് നൽകിയ കാര്യപരിപാടികളുടെ പട്ടികയിൽ ബില്ല് അവതരണമില്ല.വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയിൽ 13, 14 ഇനങ്ങളായി ഉൾപ്പെടുത്തിയിരുന്നു. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
2034 മുതല്‍ ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ ലോക് സഭ നിയമ സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും,പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം.
ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബില്ലവതരണം നീട്ടുന്നതെന്നാണ് സൂചന.