തിരുവനന്തപുരം: ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.
ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ട് പോകും. വികസനഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി മുതല്‍ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയില്‍വേ ലൈൻ 1997-98ലെ റെയില്‍വേ ബജറ്റിലെ നിർദ്ദേശമാണ്. ഈ പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള 7 കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ മുമ്പുത്തന്നെ പൂർത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേല്‍പ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണം വിഭാവനം ചെയ്‌തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 26.09.2019ലെ റെയില്‍വേ ബോർഡിന്റെ കത്ത് മുഖാന്തിരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേല്‍പ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികള്‍ നിർത്തിവച്ചു.