കാലിഫോര്‍ണിയ: ബഹിരാകാശത്തെ സാന്റാക്ലോസുമാരായി സഞ്ചാരികളായ സുനിത വില്യംസും ഡോണ്‍ പെടിടും. ക്രിസ്തുമസിന് മുന്നോടിയായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സാന്റാമാരായി മാറിയത്. നാസ തിങ്കളാഴ്ച ഡ്രാഗണിന്റെ കാർഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്തുമസ് സമ്മാനങ്ങളും എത്തിക്കുകയായിരുന്നു. ഇരുവരും സാന്റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനില്ക്കുന്ന ചിത്രം മറ്റൊരു ദിവസമെന്ന ക്യാപ്ഷനോടെ നാസ എക്സില്‍ പങ്കുവെച്ചു.
കൂടാതെ കൊളംബസ് ലബോറട്ടറി മൊഡ്യൂണില്‍ വെച്ച് ഹാം റേഡിയോയില്‍ സംസാരിക്കുന്ന ചിത്രമെന്ന കൂട്ടിച്ചേർക്കലുമുണ്ട്.
നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ‘താങ്ക്സ്-ഗിവിങ്’ ആഘോഷമാക്കിയ സുനിത വില്യംസിന്റെ വീഡിയോ ശ്രദ്ധേയമായിരുന്നു. ആറ് മാസത്തിലധികമായി മൈക്രോഗ്രാവിറ്റിയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നവരാണ് സുനിതയും സംഘവും. സ്പേസ് എക്സ് ഡ്രാഗണില്‍ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്ഡൗണ്‍ സുനിത വില്യംസും സഹയാത്രികന് ബുച്ച് വില്‍മോറും ആരംഭിച്ചെങ്കിലും വീണ്ടും നിരാശ വാര്‍ത്തയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025 മാര്‍ച്ച് മാസമാകും സുനിതയും ബുച്ചും ബഹിരാകാശത്ത് നിന്ന് യാത്ര തിരിക്കുക. ഫെബ്രുവരിയില്‍ നിശ്ചയിച്ചിരുന്ന മടങ്ങിവരവ് വീണ്ടും വൈകുകയായിരുന്നു. 2024 ജൂണില്‍ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ എത്തിയത്. മുൻപും ബഹിരാകാശ നിലയത്തില്‍ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തില്‍ ദീർഘനാള്‍ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷാണാർഥം നിലയത്തില്‍ എത്തിയ സുനിത വില്യംസിനും ബച്ച് വില്‍മോറിനും പേടകത്തിലെ സാങ്കേതിക തകരാർ കാരണം അതില്‍ തിരിച്ചുവരാനായില്ല. ഇതിന് ശേഷം മടക്കം 2025 ഫെബ്രുവരിയിലേക്ക് നിശ്ചയിച്ചതും ഇപ്പോള്‍ മാര്‍ച്ചിലേക്ക് നീട്ടിയതും.