ദില്ലി: മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യഹർജി ദില്ലി കോടതി തള്ളി. അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണവും കോടതി റദ്ദ് ചെയ്തു പൂജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റേതാണ് ഉത്തരവ്. നിയമനത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് പൂജയുടെ ഐഎഎസ് യുപിഎസ്സി റദ്ദാക്കിയിരുന്നു.
പൂജ യുപിഎസ്സിയെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാൽ നിയമനത്തിന് അർഹയല്ലെന്നും കോടതി വിലയിരുത്തി. പ്രവേശനം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് നേരത്തെ പൂജ ഖേഡ്കറെ പുറത്താക്കിയത്. ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേദ്കര്‍ നേരിട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഐഎസ്എസിൽ നിന്ന് പുറത്താക്കികൊണ്ടുള്ള കര്‍ശന നടപടിയെടുത്തത്. പൂജ ഹാജക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒബിസി സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. പുനെയിലെ സബ് കളക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിനെ തുടർന്നാണ് സംഭവങ്ങൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നു.
യുപിഎസ്സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചട്ടങ്ങൾ അനുസരിച്ച്, ഐഎഎസ് ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും സ്ഥാപിച്ചതും വിവാദമായിരുന്നു.