കർണാടകയിൽ നിന്നും എത്തിയത് സിംഹവും അനാക്കോണ്ടയും കുറുനരികളും; തലസ്ഥാനത്തെ മൃഗശാലയിൽ പുതിയ അതിഥികളെ പ്രദർശിപ്പിച്ചു തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെത്തുന്ന കാഴ്ചക്കാർക്കായി പുതുവർഷത്തില്‍ കൂടുതല്‍ മൃഗങ്ങളെ പ്രദർശിപ്പിച്ചു തുടങ്ങി. കർണാടകയിലെ ശിവമോഗ സുവോളജിക്കല്‍ പാർക്കില്‍ നിന്ന് അനിമല്‍ എക്സ്ചേഞ്ച് വഴി എത്തിച്ച ഒമ്പത് മൃഗങ്ങളെയാണ് ക്വാറന്‍റൈൻ പൂർത്തിയായതോടെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്. മൂന്നു കഴുതപ്പുലികള്‍, രണ്ടു കുറുനരികള്‍, രണ്ട് മാർഷ് മുതലകള്‍, രണ്ടു മരപ്പട്ടികള്‍ എന്നിവയാണ് ശിവമോഗയില്‍ നിന്നും കഴിഞ്ഞ നവംബർ മാസത്തില്‍ മൃഗശാലയിലെത്തിച്ചത്.

Advertisements

21 ദിവസത്തെ ക്വാറന്‍റൈനും മറ്റ് അനുബന്ധ ചികിത്സകളും പൂർത്തിയായതോടെ കഴുതപ്പുലികളെയും മരപ്പട്ടികളെയും കാണുന്നതിനായി അതത് കൂടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മുതലകളുടെയും കുറുനരികളുടെയും കൂടുകളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കുന്ന മുറയ്ക്ക് അവയെ പ്രദർശനത്തിനുള്ള കൂടുകളിലേക്ക് മാറ്റുമെന്ന് വെറ്ററിനറി സർജൻ ഡോ നികേഷ് കിരണ്‍ പറഞ്ഞു. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം മൃഗങ്ങളെ കൂടുകളിലേക്കെത്തിക്കും. നിലവില്‍ ഇവയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നതിനാല്‍ ഒരാഴ്ചയോടെ പുതിയ മൃഗങ്ങളെ പൂർണമായി പ്രദർശിപ്പിക്കാനാകുമെന്നാണ് മൃഗശാല അധികൃതരുടെ പ്രതീക്ഷ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ മൃഗങ്ങള്‍ കൂടിയെത്തിയതോടെ ലാർജ് സൂ ഗണത്തില്‍പ്പെടുന്ന മൃഗശാലയിലെ ജീവികളുടെ എണ്ണം 94 ആയി. ശിവമോഗയിലെ സുവോളജിക്കല്‍ പാർക്കിലേക്ക് നാല് റിയ പക്ഷികള്‍, ആറ് സണ്‍ കോണ്വർ തത്തകള്‍, രണ്ടു മീൻ മുതലകള്‍, ഒരു കഴുതപ്പുലി, നാല് മുള്ളൻ പന്നികള്‍ എന്നിവയെ നല്‍കിയാണ് പകരം പുതിയ മൃഗങ്ങളെ എത്തിച്ചത്. കൂടാതെ അനാക്കോണ്ട ഉള്‍പ്പെടെയുള്ള കൂടുതല്‍ മൃഗങ്ങളെ വരും മാസങ്ങളില്‍ തന്നെ എത്തിക്കാനുള്ള നടപടികളിലാണ് അധികൃതർ. ചെന്നൈ വണ്ടല്ലൂർ മൃഗശാലയില്‍ നിന്ന് ഒരു സിംഹം, രണ്ടു ചെന്നായ്ക്കള്‍, രണ്ടു വെള്ള മയിലുകള്‍, ആറ് മഞ്ഞ അനാക്കോണ്ട എന്നിവയാണ് അടുത്ത ഘട്ടത്തില്‍ എത്തുന്നത്. ഇവയ്ക്ക് പകരം മൂങ്ങ, റിയ പക്ഷികള്‍ എന്നിവയെ ആണ് നല്‍കുന്നത്.

Hot Topics

Related Articles