മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: കേരളത്തിനും പിഎസ് സിക്കും മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി സുപ്രീംകോടതി

തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയിൽ സംസ്ഥാനത്തിനും പിഎസ് സി ( PSC)ക്കും  മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി സുപ്രീംകോടതി. ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ കേസിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചിരുന്നു. 

Advertisements

സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീംകോടതി വിശദമായ വാദം കേൾക്കും. കേരളത്തിൽ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയിൽ നേരത്തെ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്സണൺ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയിലല്ലേ നിയമനമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി ആരാഞ്ഞിരുന്നു. കാലാകാലങ്ങളായി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കേരളത്തിൽ കിട്ടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവർക്ക് ഓണറേറിയമാണ് നൽകുന്നതെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ഹർജിക്കാർക്കായി അഭിഭാഷകരായ കെ. ഹരിരാജും എ. കാര്‍ത്തിക്ക് എന്നിവർ ഹാജരായി. 

സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശി, പിഎസ് എസിക്കായി സ്റ്റാൻഡിംഗ് കൌൺസൽ വിപിൻ നായർ എന്നിവരും ഹാജരായി. ഇതേ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി നേരത്തെ കേരള  ഹൈക്കോടതി തള്ളിയതോടെയാണ് അപ്പീൽ സുപ്രീംകോടതിയിൽ എത്തിയത്.   

Hot Topics

Related Articles