കോട്ടയം നാട്ടകം അകവളവിൽ ഫിനാൻസ് സ്ഥാപന ഉടമയെ ആക്രമിച്ച പണം അടങ്ങിയ ബാഗ് കവർന്നു; ആക്രമണം മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം; ആക്രമണത്തിന് ഇരയായത് ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമ

കോട്ടയം: ഇല്ലിക്കൽ ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമയെ വീടിനു സമീപത്തു വച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം പണവും താക്കോലും അടങ്ങിയ ബാഗ് കവർന്നു. ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമ രാജു ഇല്ലമ്പള്ളിയെയാണ് ആക്രമിച്ച് പണം കവർന്നത്. കണ്ണിൽ മുളകുപൊടി വീണും ആക്രമണത്തിലും പരിക്കേറ്റ രാജുവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

ഫിനാൻസ് സ്ഥാപനം അടച്ച ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ഇദ്ദേഹം. വീടിനു സമീപത്ത് എത്തിയപ്പോഴാണ് സമീപത്തെ ആളില്ലാത്ത വീടിനു സമീപത്ത് ഒരാൾ മറഞ്ഞു നിൽക്കുന്നത് കണ്ടത്. വീട്ടിലേയ്ക്കു കയറാൻ ഒരുങ്ങിയ രാജുവിനെ മറിഞ്ഞു നിന്നയാൾ വിളിച്ചു. തുടർന്ന്, ഇദ്ദേഹം അടുത്തേയ്ക്ക് എത്തിയപ്പോൾ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മുഖത്ത് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന്, ഇദ്ദേഹത്തിന്റെ കയ്യിലിരുന്ന ബാഗും തട്ടിയെടുത്ത് അക്രമി ഓടിമറഞ്ഞു. ആക്രമണത്തിൽ അൽപനേരം ബോധം മറഞ്ഞ ഇദ്ദേഹം അക്രമിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. 12000 രൂപയോളം ബാഗിലുണ്ടായിരുന്നതായി രാജു പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles