കണ്ണൂർ: തലശേരിയിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. ബന്ധുക്കളുടെ കൺമുന്നിൽ വച്ചായിരുന്നു കൊലപാതകം ഉണ്ടായത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. കണ്ണൂർ തലശേരിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസിനെയാണ് വെട്ടിക്കൊന്നത്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നു സി.പി.എം ആരോപിച്ചു. തലശേരി ന്യൂമാഹി പുന്നോലിയിലാണ് ആക്രമണവും കൊലപാതകവും നടന്നത്.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനത്തിലാണ് കണ്ണൂരിൽ ആക്രമണമുണ്ടായത്. തലശേരി മത്സ്യതൊഴിലാളിയായ ഹരിദാസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ അക്രമി സംഘം പിൻതുടർന്ന് എത്തി വെട്ടുകയായിരുന്നു. ജോലിയ്ക്കു ശേഷം വീട്ടിലെത്തി ഭാര്യയെ കണ്ട ശേഷം പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ അക്രമി സംഘം വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു ബൈക്കുകളിൽ എത്തിയ അക്രമി സംഘം വീടിന്റെ പിന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ശരീരത്തിൽ പലയിടത്തും വെട്ടേറ്റിട്ടുണ്ട്. കാൽ വെട്ടിമാറ്റി ദൂരേയ്ക്കു വലിച്ചെറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണം നടക്കുമ്പോൾ വീട്ടിൽ അമ്മയും, ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൺമുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. തടയാൻ എത്തിയ ഹരിദാസിന്റെ സഹോദരനും വെട്ടേറ്റിട്ടുണ്ട്.
വെട്ടേറ്റ് വീണ് കിടന്ന ഹരിദാസിനെ സഹോദരങ്ങൾ എത്തിയാണ് ആസുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന്, അക്രമി സംഘം സ്ഥലത്തു നിന്നും ഓടിരക്ഷപെടുകയും ചെയ്തു. നേരത്തെ പ്രദേശത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ആർ.എസ്.എസ് – സി.പി.എം ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനു പിന്നാലെ ഹരിദാസിനു ഭീഷണി ഉണ്ടായിരുന്നതായും പാർട്ടി പ്രവർത്തകർ പറയുന്നു.
ആക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ പറഞ്ഞു. പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം പിന്നീട്.