വാഷിംഗ്ടൺ: കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീ വിതച്ചത് വലിയ നാശം. നരകത്തെക്കുറിച്ചുള്ള പുരാതന ഭാവനകളെല്ലാം അതേ പടി പകർത്തിവച്ചത് പോലെയാണ് ലോസ് ആഞ്ചലസിൽ നിന്നുള്ള കാഴ്ചകൾ. ആളിക്കത്തിയ തീ, വീടുകളെയും കെട്ടിടങ്ങളെയും പാടെ നശിപ്പിച്ചാണ് മുന്നോട്ട് നീങ്ങിയത്. ആകാശംമുട്ടെ കറുത്ത പുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളെയെല്ലാം തോൽപ്പിച്ചുകൊണ്ട് ശക്തമായ വരണ്ട കാറ്റ് ആഞ്ഞുവീശിയതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചു. കാട്ടുതീയിൽ ഇത് വരെ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നു. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ പ്രസിഡന്‍റ് ബൈഡൻ, കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു. മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശദ വിവരങ്ങൾ ഇങ്ങനെ
കാലിഫോർണിയയിലെ ആറിടത്താണ് തീ പടർന്ന് പിടിച്ചത്. സാന്‍റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ പാലിസാഡസ് തീപ്പിടുത്തം. 15,832 ഏക്കറോളമാണ് ഇവിടെ മാത്രം തീ വിഴുങ്ങിയത്. ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിലാണ് തീപ്പിടുത്തമുണ്ടായത്. മേഖലയിൽ പതിനായിരത്തി അറുന്നൂറ് ഏക്കറിലധികം തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. അഞ്ച് പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. നഷ്ടം അമ്പത് ബില്യൺ ഡോളറിലധികമെന്നാണ് അനുമാനം. സാൻ ഫെർണാഡോയുടെ വടക്ക് ഹർസ്റ്റ് മേഖലയിലും വലിയ തീപ്പിടുത്തമാണ് ഉണ്ടായത്. 850 ഏക്കറോളമാണ് ഇവിടെ കത്തിയമർന്നത്. വുഡ്ലി പാർക്കിനോട് ചേർന്നാണ് നാലാമത്തെ തീപിടിത്തമുണ്ടായത്. വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലെ തീപ്പിടുത്തമാണ് അഞ്ചാമത്തേത്. ആക്ടൺ പ്രദേശത്തെ ലിഡിയ മേഖലയിലും തീപ്പിടുത്തം ഉണ്ടായി. ഹോളിവുഡ് ഹിൽസിൽ പൊട്ടിപ്പുറപ്പെട്ട സൺസറ്റ് തീപ്പിടുത്തമാണ് എറ്റവും ഒടുവിലത്തേത്. സെലിബ്രറ്റികളുടെ അടക്കം വാസസ്ഥലങ്ങൾ ഇവിടെ അപകട മേഖലയിലാണ് . ചെകുത്താൻ കാറ്റെന്ന് വിളിക്കുന്ന സാൻ്റ അന കാറ്റാണ് കാട്ടുതീകൾക്ക് പിന്നിലെ ശക്തി. തീ അണയ്ക്കാൻ കൂടുതൽ വെള്ളം ഉപയോഗിച്ചതോടെ ലോസ് ആഞ്ചൽസിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്. ഇറ്റലി യാത്ര റദ്ദാക്കിയ യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ, തീപ്പിടുത്തത്തെ മഹാ ദുരന്തമായും പ്രഖ്യാപിച്ചിട്ടുണ്ട്.