ന്യൂഡല്‍ഹി: ലോക്സഭാ മുൻ എം.പിയും മുതിർന്ന നേതാവുമായ രമേഷ് ബിധുരിയായിരിക്കും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയെന്ന് അരവിന്ദ് കെജ്രിവാള്‍.പ്രസ്താവനയ്ക്കു പിന്നാലെ കെജ്രിവാളിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കെജ്രിവാളിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയെ കുറിച്ച് കെജ്രിവാള്‍ പരാമർശം നടത്തിയത്. വരുന്ന ഒന്നോ രണ്ടോ ദിവസത്തില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായി രമേഷ് ബിധുരിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുഖ്യമന്ത്രിമുഖമായതില്‍ അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു, കെജ്രിവാള്‍ പറഞ്ഞു. എം.പിയായിരിക്കെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് രമേഷ് പറയണമെന്നും ഡല്‍ഹിക്കായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്നും കെജ്രിവാള്‍ ആരാഞ്ഞു. രമേഷ് ബിധുരിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം, ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയും എ.എ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുൻപില്‍ സംവാദം നടത്തണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേർത്തു.
കെജ്രിവാളിൻറെ പ്രസ്താവനയ്ക്ക് തിരിച്ചടിച്ച് അമിത് ഷാ രംഗത്തെത്തി. ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയെ കെജ്രിവാളിന് എങ്ങനെ പ്രഖ്യാപിക്കാൻ കഴിയും എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. കോണ്‍ഗ്രസിനും എ.എ.പിയ്ക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഒന്നും ചെയ്യാൻ കഴിയില്ല. വോട്ട് ബാങ്കിനു വേണ്ടിയാണ് അവർ ഒരോദിവസവും വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി.ജെ.പി. സർക്കാർ അധികാരത്തില്‍ വരുന്നതിന് ശേഷം പാവപ്പെട്ടവർക്കായുള്ള ഒരു ക്ഷേമപദ്ധതിയും നിലച്ചുപോകില്ല, അമിത് ഷാ പറഞ്ഞു. മുൻപ് സൗത്ത് ഡല്‍ഹിയെ പ്രതിനിധീകരിച്ചിരുന്ന രമേഷ് ബിധുരി, ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. അതിഷിയ്ക്കെതിരേ കാല്‍കാജിയില്‍നിന്നാണ് രമേഷ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.