കണ്ണൂർ: പിസ്തയുടെ തോട് തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. കാസർഗോഡ് കുമ്ബള-ബദിയടുക്ക റോഡിൽ ഭാസ്‌കര നഗറിലെ അൻവറിന്റെയും മെഹ്റൂഫയുടെയും മകൻ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട് കഴിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ വീട്ടിലുണ്ടായിരുന്നവർ തൊണ്ടയിൽ വിരലിട്ട് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ചെറിയൊരു കഷ്ണം മാത്രമാണ് ലഭിച്ചത്. പിന്നീട് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് എക്സ്റേ എടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എന്നാൽ വീട്ടിൽ തിരിച്ചെത്തിയശേഷം ഞായറാഴ്ച പുലർച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകവെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച മുൻപാണ് പിതാവ് ഗൾഫിലേക്ക് പോയത്.