സന്നിധാനം: മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ യാത്ര ചെയ്യാം.
മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടി. എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.