ദില്ലി: ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച് ‘പിക്സൽ സ്പേസ്’ എന്ന സ്റ്റാർട്ടപ്പ്. രാജ്യത്ത് നിന്നുള്ള ആദ്യ സ്വകാര്യ ഉപഗ്രഹ ശൃംഖല കഴിഞ്ഞ ദിവസം ബഹിരാകാശത്തെത്തി. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ വിക്ഷേപണ-ഗവേഷണ കമ്പനിയായ സ്പേസ് എക്‌സാണ് ‘ഫയർഫ്ലൈ’ എന്ന് പേരിട്ടിരിക്കുന്ന ശൃംഖലയിലെ മൂന്ന് അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിച്ചത്. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ് ഫയർഫ്ലൈ എന്നാണ് പിക്സൽ സ്പേസ് വിശേഷിപ്പിക്കുന്നത്.
കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് സ്പേസ് എക്സിന്‍റെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ അടക്കമുള്ള 131 പേലോഡുകളുമായി. ട്രാന്‍സ്‌പോര്‍ട്ടര്‍-12 എന്നായിരുന്നു ഈ ദൗത്യത്തിന്‍റെ പേര്. ഇവയില്‍ മൂന്ന് സാറ്റ്‌ലൈറ്റുകള്‍ നിര്‍മിച്ചത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ പിക്സൽ സ്പേസാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫയര്‍ഫ്ലൈ എന്നാണ് ഈ അത്യാധുനിക ഇന്ത്യന്‍ നിര്‍മിത ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പേര്. ഹൈ-റെസലൂഷന്‍ ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിംഗ് സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ വലിയ മൂന്നേറ്റമായാണ് മൂന്ന് ഉപഗ്രഹങ്ങളെയും കണക്കാക്കുന്നത്. മാത്രമല്ല, ബഹിരാകാശ രംഗത്ത് ഇന്ത്യന്‍ സ്വകാര്യ കമ്പനികളും സാന്നിധ്യം അറിയിക്കുന്നതിന്‍റെ സൂചന കൂടിയാണിത്.
ഭൂമിയിലുള്ള മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും പഠിക്കാന്‍ സഹായിക്കുന്നതാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ ഉപഗ്രഹ ശൃഖലയായ ഫയർഫ്ലൈയിലെ മൂന്ന് ഉപഗ്രഹങ്ങള്‍. ഭൗമ നിരീക്ഷണ രംഗത്ത് പുത്തന്‍ യുഗത്തിന്‍റെ തുടക്കം എന്ന് വിക്ഷേപണത്തെ പിക്സൽ സ്പേസ് സിഇഒ അവൈസ് അഹമ്മദ് വിശേഷിപ്പിച്ചു.
‘ഞങ്ങള്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ ആവേശഭരിതരാവുന്നു. മൂന്ന് ഉപഗ്രഹങ്ങളും ഒന്നിച്ചാണ് കുതിച്ചത്. വിസ്മയകരമായ പിക്‌സല്‍ ടീം ആദ്യമായി നിര്‍മിച്ച സാറ്റ്‌ലൈറ്റുകളാണ് ഇവ. ഇവരില്‍ ഭൂരിഭാഗവും ആദ്യമായാണ് ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്’ എന്നും അവൈസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്‌പോര്‍ട്ടര്‍-12 ദൗത്യത്തില്‍ സ്പേസ് എക്സ് വിവിധ ക്യൂബ്‌സാറ്റുകളും മൈക്രോസാറ്റുകളും ഓര്‍ബിറ്റല്‍ ട്രാന്‍സ്‌ഫര്‍ വെഹിക്കിളുകളും വിക്ഷേപിച്ചു. പേലോഡുകള്‍ വിജയകരമായി വിക്ഷേപിച്ച ശേഷം ഫാല്‍ക്കണ്‍ 9ന്‍റെ പുനരുപയോഗിക്കാന്‍ കഴിയുന്ന ബൂസ്റ്റര്‍ ഭാഗം വാന്‍ഡെന്‍ബര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ സുരക്ഷിതമായി തിരികെ ലാന്‍ഡ് ചെയ്തു.