കോട്ടയം : നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തിന് പിന്നാലെ കോട്ടയം പാലായിൽ പൊലീസിനെ കുഴക്കി പിതാവിനെ കാണാനില്ലന്ന മക്കളുടെ പരാതി. വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ മക്കൾ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. മക്കൾ ഹൈക്കോടതിയിൽ ഹർജി നൽകുകയും കോടതി കർശന ഇടപെടൽ നടത്തുകയും ചെയ്തതോടെ കോട്ടയം ജില്ലാ പൊലീസും ഉണർന്നു.
എറണാകുളത്ത് നിന്നും കഡാവർ ഡോഗിനെയും , പാലാ സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനിൽ നിന്നും എ ആർ ക്യാമ്പിൽ നിന്നുമായി 70 ഓളം പൊലീസുകാരെയും എത്തിച്ച് തിരച്ചിൽ നടത്തി. ഡിസംബർ 21 ന് വീട്ടിൽ നിന്നും പ്രഭാത നടത്തത്തിനായി പോയ പാലാ മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യൂ തോമസ് (മാത്തച്ചൻ-84) നെയാണ് ഇത്ര ദിവസമായിട്ടും കണ്ടെത്താനാവാതെ വന്നത്. മാത്തച്ചനും ഭാര്യയും മാത്രമായിരുന്നു കുടുംബവീട്ടിൽ താമസിച്ചിരുന്നത്. രാവിലെ പതിവു നടത്തത്തിന് ഇറങ്ങിയ മാത്തച്ചൻ ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാകുമ്പോൾ മാത്തച്ചൻറെ കൈവശം മൊബൈൽഫോണോ പണമോ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നാണ് മകൻ തോമസ് മാത്യു പൊലീസിൽ പരാതി നൽകിയത്. മാത്തച്ചൻ്റെ മറ്റ് മക്കൾ വിദേശത്താണ്. ആഴ്ചകൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെ മകൾ ബീന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് തിരച്ചിൽ നടത്തിയത്. ഇദ്ദേഹം വീട്ടിൽ നിന്നും അധിക ദൂരം പോകാൻ സാധ്യതയില്ലെന്ന് നിഗമനത്തിൽ വീടിന് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ശക്തമായ തിരച്ചിൽ നടത്തുന്നത്. എ ആർ ക്യാമ്പിൽ നിന്നും മറ്റ് സബ് ഡിവിഷനുകളിൽ നിന്നുമായി എഴുപതോളം പോലീസുകാരാണ് തിരച്ചിൽ സംഘത്തിൽ ഉള്ളത്. ജീർണിച്ച ശരീരത്തിന്റെ ഗന്ധം കണ്ടെത്താൻ കഴിയുന്ന കടാവർ ഡോഗുകളും സംഘത്തിൽ ഉണ്ട്.
21 ന് പത്തുമണിയോടെ ഒരു വാഹനത്തിന്റെ ഡോർ പലവട്ടം തുറന്നടയ്ക്കുന്നതു കേട്ടുവെന്നു സമീപവാസികൾ വ്യക്തമാക്കിയിട്ടുണ്ട്. സമീപവീടുകളിൽ സിസിടിവി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി.മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ബന്ധുക്കൾ പരാതി നൽകിയിരുന്നു. പാലാ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് തിരച്ചിൽ നടത്തുന്നത്. വീടുകളിലും പുരയിടങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഒരു സ്ഥലവും വിട്ടു പോകാതെയാണ് തിരച്ചിൽ നടക്കുന്നത്. പ്രായംചെന്ന ആളായതുകൊണ്ട് കൂടുതൽ അധിക ദൂരം പോയിട്ടുണ്ടാകില്ല എന്നാണ് പോലീസ് കരുതുന്നത്. എന്തായാലും തിരച്ചിലിൻ്റെ റിപ്പോർട്ട് വെള്ളിയാഴ്ച പൊലീസ് കോടതിയിൽ സമർപ്പിക്കും.