തിരുവനന്തപുരം: വിതുര ചേന്നമ്പാറ ജംഗ്ഷനിൽ കാർ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. പതിനാല് വയസുകാരായ ഗോപകുമാർ, വിന്റോ എന്നിവർക്കാണ് പരുക്കേറ്റത്. ചേന്നമ്പാറ ജങ്ഷനിൽ ഇറങ്ങി റോഡിലൂടെ നടക്കുന്നതിനിടെ നെടുമങ്ങാട് ഭാഗത്ത് നിന്നും നിയന്ത്രണം വിട്ടെത്തിയ കാർ ഇവരെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി പിന്നിൽ നിന്നും കാറിടിച്ചതോടെ റോഡിലേക്ക് വീണ കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നാലെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർക്ക് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്. കുട്ടികളെ ഇടിച്ച ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിലും ഇടിച്ചാണ് വാഹനം നിന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.