കാരാപ്പുഴ ബാങ്കിലെ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്; അന്വേഷണത്തിന് സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയുടെ രണ്ടംഗ സമിതി; അന്വേഷണം നടത്തുന്നത് പാർട്ടി നേതാക്കളുടെ ക്രമക്കേടുകളെക്കുറിച്ച്; സഹകരണ മന്ത്രിയുടെ ജില്ലയിലെ സഹകരണ ബാങ്കുകളിൽ പിടിമുറുക്കാനുറച്ച് സി.പി.എം

കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ വായ്പാ കുടിശിക മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും തട്ടിപ്പ് നടന്നിട്ടില്ലെന്നും ബാങ്ക് അധികൃതർ വിശദീകരിക്കുന്നതിനിടെ, വിഷയത്തിൽ സി.പി.എം നടത്തുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്കിൽ സി.ഐ.ടി.യു ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ക്രമക്കേടിയിൽ പാർട്ടി അന്വേഷണ കമ്മിഷൻ അംഗങ്ങളുടെ പേരുകളാണ് ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചത്. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ അജയൻ കെ.മേനോന്റെയും, ദിലീപിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയെയാണ് സി.പി.എം കോട്ടയം ഏരിയ കമ്മിറ്റി അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

Advertisements

തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം കോട്ടയം ഏരിയ കമ്മിറ്റി അംഗവുമാണ് അജയൻ കെ.മേനോൻ. ദിലീപ് സി.പി.എം കോട്ടയം ഏരിയ കമ്മിറ്റി അംഗമാണ്. കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ സ്ഥലം ഈട് വച്ച് പാർട്ടി ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ നേതാവ് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് കൂടാതെ ഈ തുകയിൽ നിന്നും ഒരു വിഹിതം ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടുകയും, ഇത് ഉപയോഗിച്ച് ബാങ്കിലെ ചിട്ട് പിടിക്കുകയും, പിറ്റേ മാസം തന്നെ ഫിക്‌സഡ് ഡെപ്പോസിറ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷയത്തിൽ പാർട്ടിയ്ക്ക് അടക്കം പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചും, പ്രദേശത്തെ മുതിർന്ന നേതാക്കൾക്ക് അടക്കം വിഷയത്തിൽ ബന്ധമുണ്ടെന്നതും ചൂണ്ടിക്കാട്ടി ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത ചെയ്തിരുന്നു. ഇതിനു പിന്നാലെ ബാങ്ക് അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് പാർട്ടി രഹസ്യമായി നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങളും പുറത്തു വന്നത്.

സഹകരണ മന്ത്രിയും, മുൻ ജില്ലാ സെക്രട്ടറിയുമായ വി.എൻ വാസവന്റെ ജില്ലയിൽ തന്നെ തുടർച്ചയായി ബാങ്കുകൾക്ക് എതിരെ ആരോപണം ഉണ്ടാകുന്നതിൽ പാർട്ടി ജില്ലാ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. നേരത്തെ നാട്ടകത്തും, കോടിമതയിലും, കുമാരനല്ലൂരിലും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് എതിരെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് നിയന്ത്രണം കർശനമാക്കാൻ പാർട്ടിയിലെ അതത് ഏരിയ കമ്മിറ്റികൾക്ക് സഹകരണ മന്ത്രി കൂടിയായ വി.എൻ വാസവൻ നിർദേശം നൽകിയിരുന്നു.

ഇതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോൾ കോട്ടയം ഏരിയ കമ്മിറ്റി രഹസ്യ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്. കോട്ടയം ഏരിയ കമ്മിറ്റിയുടെ കീഴിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ ഒന്നാണ് കാരാപ്പുഴ സഹകരണ ബാങ്ക്. ഈ ബാങ്കിൽ നിന്നും ഇപ്പോൾ ഉയർന്ന് വന്ന ക്രമക്കേടുകൾ പാർട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഒരു വിഭാഗം നേതാക്കൾക്കെതിരെ കർശന നടപടി തന്നെ വേണമെന്ന നിലപാടിലാണ് പാർട്ടിയിലെ പല നേതാക്കളും.

നാട്ടകം സഹകരണ ബാങ്കിൽ മുൻപ് ആരോപണം ഉണ്ടായപ്പോൾ, പാർട്ടി തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ നേതാവിനെ തരം താഴ്ത്തിയിരുന്നു. കോടിമത സഹകരണ ബാങ്കിലും സമാന രീതിയിൽ തന്നെയാണ് നടപടിയുണ്ടായത്. രണ്ടിടത്തും പണം തിരിച്ചടച്ചിട്ടും നേതാക്കൾക്കെതിരെ അച്ചടക്ക നടപടി പാർട്ടി സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കാരാപ്പുഴ ബാങ്കിൽ മാത്രം പണം തിരിച്ചടച്ച് വിവാദം ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നൽകുന്ന സൂചന.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.