കൊച്ചി : നല്ല മനസിന് ഉടമയായിരുന്നു വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ എന്ന് മലബാർ ഗോള്‍ഡ് കോർപ്പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫൈസല്‍ മലബാർ. അറ്റ്‌ലസ് രാമചന്ദ്രന് ചതിവ് പറ്റിയതാണെന്ന അഭിപ്രായം തനിക്കില്ലെന്നും പലതിലും രാമചന്ദ്രൻ ചെന്നു ചാടുകയായിരുന്നെന്നും ഫൈസല്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്തരിച്ച വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ച് ഫൈസല്‍ പ്രതികരിച്ചത്.രാമചന്ദ്രേട്ടൻ പല ബിസിനസും ചെയ‌്തിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, സിനിമ, തിയേറ്റർ അങ്ങനെ പലതും. അതൊന്നും നോക്കാൻ ആളില്ലാത്ത അവസ്ഥയിലായിരുന്നു.
ചെയ്യാൻ പറ്റുന്നതിന്റെ അപ്പുറം അദ്ദേഹം പല കാര്യങ്ങളും ചെയ‌്തു. മലബാർ ഗോള്‍ഡിനെ സംബന്ധിച്ച് ഓരോ ഡിവിഷന്റെയും ഉത്തരവാദിത്തം ഓരോ ആളുകളെ ഏല്‍പ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ചെയ‌്തെങ്കില്‍ മാത്രമേ ബിസിനസ് വിജയിക്കുകയുള്ളൂ. ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആളുകള്‍ രാമചന്ദ്രേട്ടന് ഉണ്ടായിരുന്നില്ല. നിയന്ത്രണത്തില്‍ ഒതുങ്ങുന്ന സംഗതികള്‍ ചെയ്യാമായിരുന്നു എന്ന് അഭിപ്രായമുണ്ട്. വേറൊരാള്‍ക്കും ഇനി ഇങ്ങനെ സംഭവിക്കാൻ പാടില്ല.നല്ലൊരു മനസിന്റെ ഉടമയായിരുന്നു അദ്ദേഹം. അവസാനകാലം വരെയും ഞാനുമായി നല്ല സൗഹൃദമായിരുന്നു. കഴിയുന്ന രീതിയിലെല്ലാം അറ്റ്‌ലസ് രാമചന്ദ്രനെ സപ്പോർട്ട് ചെയ‌്തിട്ടുണ്ടെന്നും ഫൈസല്‍ പറഞ്ഞു.