മലപ്പുറം: യുഡിഎഫ് പ്രവേശനത്തിന് കോണ്‍ഗ്രസ് – ലീഗ് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കാണ് കത്തയച്ചത്. നിലവിൽ തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററാണ് അൻവർ.
തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് നേതാക്കൾ പറഞ്ഞെങ്കിലും പി വി അൻവർ കത്ത് തരട്ടെ എന്നിട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയകാര്യ സമിതി തിരുവനന്തപുരത്ത് ചേരുന്നുണ്ട്. അതിന് മുന്നോടിയായാണ് കത്ത് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും.
നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച അൻവർ നേരത്തെ തന്നെ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലമ്പൂരിൽ വി എസ് ജോയിയെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച അൻവറിൻറെ നടപടിയിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. പി വി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് അൻവർ പറഞ്ഞതിൽ ദുഷ്ടലാക്കുണ്ടെന്നും സുധാകരൻ പറയുകയുണ്ടായി.
തൃണമൂൽ വഴി യുഡിഎഫ് പ്രവേശനമാണ് അൻവറിന്‍റെ ആഗ്രഹം. ഇതിന്റെ ഭാഗമായാണ്, താൻ എൽഡിഎഫിന്റെ ഭാഗമായിരിക്കെ രൂക്ഷഭാഷയിൽ വിമർശിക്കുകയും അഴിമതിയാരോപണം അടക്കം ഉന്നയിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയോടും വി ഡി സതീശനോടും മാപ്പ് പറഞ്ഞത്. നിലമ്പൂർ വിടുമെന്ന് പറയുമ്പോഴും യുഡിഎഫിലെത്തി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ അടക്കമുള്ള മറ്റ് സീറ്റുകളിൽ അൻവറിന് കണ്ണുണ്ട്.