പത്തനംതിട്ട: മാരാമൺ കൺവൻഷൻ യുവജനസഖ്യം യുവവേദി പരിപാടിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി. കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻെറ എതിർപ്പ് മൂലമാണ് വി ഡി സതീശനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്.
ഇടതുപക്ഷ അനുഭാവമുള്ള യുവ ജനസഖ്യം കമ്മിറ്റി അംഗങ്ങൾ സതീശനെ അതിഥിയായി ക്ഷണിച്ചത് എതിർത്തതായാണ് സൂചന. ഫെബ്രുവരി 15നാണ് യുവവേദിയുടെ പരിപാടി നടക്കുക. ഈ പരിപാടിയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി വി ഡി സതീശനെ ഉൾപ്പെടുത്തേണ്ട എന്നാണ് മാർത്തോമാ സഭയുടെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ, മാരാമൺ കൺവെൻഷനിൽ വേദിയിൽ പ്രസംഗിക്കാൻ വി ഡി സതീശന് അവസരം ലഭിച്ചിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അത്യപൂർവമായി മാത്രമാണ് രാഷ്ട്രീയ നേതാക്കൾക്ക് കൺവെൻഷൻ വേദിയിൽ പ്രസംഗിക്കാൻ അവസരം ലഭിക്കാറുള്ളത്. നേരത്തെ സാമുദായിക വേദികളിൽ കോൺഗ്രസ് നേതാക്കൾക്ക് പ്രാധാന്യം കിട്ടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു വി ഡി സതീശന് മാരാമൺ വേദിയിൽ ഇടം ലഭിച്ചുവെന്ന പ്രചാരണം ഉണ്ടായത്. ഇത് കോൺഗ്രസിലെ ഒരു വിഭാഗം വ്യാപകമായി പ്രചരിച്ചിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസ് വേദിയിലും സമസ്ത വേദികളിലും ക്ഷണം ലഭിച്ചതിനെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായി മാധ്യമങ്ങൾ അടക്കം വിലയിരുത്തിയിരുന്നു. ഈ സമയത്താണ് മാരാമൺ കൺവെൻഷനിൽ വി ഡി സതീശന് ക്ഷണം ലഭിച്ചുവെന്ന വിവരവും വലിയ പ്രധാന്യത്തോടെ പ്രചരിക്കപ്പെട്ടത്.
ഫെബ്രുവരി ഒമ്പത് മുതൽ 16 വരെയാണ് മാരാമൺ കൺവെൻഷൻ നടക്കുക. പമ്പ മണൽപ്പുറത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിലായിരിക്കും കൺവെൻഷൻ. മുൻ വർഷങ്ങളിൽ യുവജനങ്ങളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ശശി തരൂരിന് പ്രസംഗിക്കാൻ അവസരം ലഭിച്ചിരുന്നു.