കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പണിയെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള പോരാട്ടങ്ങൾക്ക് എഐടിയുസി നേതൃത്വം നൽകണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രൻ. അസംഘടിത തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കികൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളെല്ലാം കവർന്നെടുത്തുകൊണ്ട് തൊഴിൽ മേഖലയാകെ കോർപ്പറേറ്റുകൾക്ക് അടിയറവു വയ്ക്കുന്ന നയമാണ് കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന് കെ പി രാജേന്ദ്രൻ പറഞ്ഞു.
അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് റ്റി എൻ രമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ജെയ്മോൻ ജോസ് സ്വാഗതം ആശംസിച്ചു, എഐടിയുസി ദേശിയ സെക്രട്ടറി ആർ പ്രസാദ് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരൻ ജില്ലാ പ്രസിഡന്റ് ഒ പി എ സലാം, സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‍കുമാർ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി ജി ജ്യോതിരാജ്, ജില്ലാ വൈസ് പ്രസിഡന്റ് സിബി താളിക്കല്ല്, തുടങ്ങിയവർ സംസാരിച്ചു.