തൃശൂർ : വാഴച്ചാല്‍ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് അടിയന്തിര ചികിത്സ നല്‍കണമെന്ന് വനംവകുപ്പ്.അതിനായി ചീഫ് വെറ്റിനറി ഓഫീസർ ഡോ.അരുണ്‍ സക്കറിയ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തിന്റെ സേവനം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും ചീഫ് വൈല്‍ഡ്ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഉത്തരവിറക്കി. കാട്ടാനകള്‍ തമ്മിലുളള ഏറ്റുമുട്ടലിനിടെ കുത്തേറ്റതാണ് മുറിവിനു കാരണം.
മുറിവേറ്റ ആന വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു.സെൻട്രല്‍ സർക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവിറക്കിയത്.വേണമെങ്കില്‍ ആനയെ മയക്ക് വെടി വച്ചതിനു ശേഷം വിദഗ്ദ്ധ പരിചരണം നല്‍കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ആനയ്ക്ക് അധിക സമ്മർദ്ദമുണ്ടാക്കാതെ സുരക്ഷിതമായി എത്രയും വേഗം അതിനെ ഉള്‍ക്കാട്ടില്‍ വിട്ടയക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ സെൻട്രല്‍ സർക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ മേല്‍നോട്ടത്തില്‍ വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ സ്വീകരിക്കണം. ഇതിനാവശ്യമെങ്കില്‍ വയനാട് വൈല്‍ഡ്ലൈഫ് ഡിവിഷനിലെ എലിഫന്റ് സ്ക്വാഡിന്റെ സേവനം ലഭ്യമാക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.എലിച്ചാണി-പറയൻപാറ മേഖലയിലാണ് ആനയെ ആദ്യം കണ്ടെത്തുന്നത്. മറ്റ് ഇടപെടലുകള്‍ ഒന്നും ആവശ്യമില്ലെങ്കിലും മസ്തകത്തിലെ മുറിവുണങ്ങുന്നതു വരെ ആനയെ നിരീക്ഷിക്കണമെന്ന വെറ്റിനറി ഡോക്ടർ ആദ്യം നിർദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അതിരപ്പിളളി റെയ്ഞ്ചിലെ വിവിധ മേഖലകളില്‍ ജീവനക്കാർ പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെ വാടാമുറിയില്‍ വീണ്ടും ആനയെ കണ്ടെത്തുകയായിരുന്നു.നിലവില്‍ ആന ഭക്ഷണം കഴിക്കുകയും നടക്കുകയും പുഴയിലിറങ്ങുകയും ചെയ്യുന്നുണ്ട്. ആനയെ നിരീക്ഷിക്കുന്നതിനായി ഒരു സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചിരുന്നു. ഡോ. ഡേവിഡ്, ഡോ. ബിനോയ് .സി.ബാബു എന്നിവർ അടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിച്ചു വരുന്നത്. എന്നാല്‍ ആനക്ക് ക്ഷീണം ഉണ്ടെന്നുളള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര വൈദ്യസഹായം നല്‍കാൻ വനം വകുപ്പിന്റെ തീരുമാനം.