കണ്ണൂര്‍: കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യ. ഇന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തിൽ ബിനാമി കമ്പനിയുമായി ചേർന്ന് നാല് എക്കർ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കി.
പഴയ ആരോപണം പുതിയ കുപ്പിയിൽ ആക്കി വന്നു പത്ര സമ്മേളനം നടത്തിയ കെഎസ്‍യു ജില്ലാ നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഇത്രയും കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമിയും റിസോർട്ടും ഭർത്താവിന്‍റെ പേരിലെ ബെനാമി പെട്രോൾ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം. തന്‍റെ കുടുംബത്തിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞേ പറ്റൂ. മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്ക് ബെനാമി സ്വത്ത് ഇടപാടുകളുണ്ടെന്നാണ് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഇന്ന് ആരോപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും, ദിവ്യയുടെ ഭർത്താവും ചേർന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭൂമി ഇടപാട് രേഖകളുമായാണ് ഷമ്മാസ് വാർത്താസമ്മളനത്തിനെത്തിയത്.
ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നു. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും ദിവ്യയുടെ ഭർത്താവും ചേർന്നാണ് ഭൂമി ഇടപാടുകൾ നടത്തിയത്. കണ്ണൂർ പാലക്കയം തട്ടിൽ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കർ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സ്ഥലം രജിസ്റ്റർ ചെയ്ത രേഖകൾ മുഹമ്മദ് ഷമ്മാസ് പുറത്തു വിടുകയും ചെയ്തു. മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.