തിരുവനന്തപുരം: കേരളത്തിലെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിനോടുള്ള അഡിക്ഷന് വലിയ ചര്‍ച്ചാ വിഷയമാണ്. കുട്ടികളില്‍ ക്രിമിനല്‍ വാസനകളുടലെടുക്കുന്നത് പോലും അമിതമായ മൊബൈല്‍ ഉപയോഗത്തിന്റെ പരിണിതഫലമാണ്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ ഒരു സ്കൂളില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് അദ്ധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ത്ഥി ഭീഷണി ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ വലിയ ഞെട്ടലോടെയാണ് കേരളസമൂഹം കണ്ടത്.എന്നാല്‍ ഒരു സംഭവത്തിന്റെ പേരില്‍ ആ കുട്ടിയേയും കേരളത്തിലെ പുതുതലമുറയേയും ഒന്നാകെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.
ഇക്കാര്യം തന്നെയാണ് പാലക്കാട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദുവും അഭിപ്രായപ്പെടുന്നത്. ഒരു കുഞ്ഞിന്റെ വിഹ്വലമുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ച് അവനെ ക്രിമിനലാക്കി കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിര്‍ന്നവരേ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞുകളയാന്‍ സമയമായി എന്നാണ് മന്ത്രി പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.കുട്ടിയുടെ വീഡിയോ ഷെയര്‍ ചെയ്ത് അവനെ ക്രിമിനലായി ചിത്രീകരിക്കുന്നത് സാഡിസമാണെന്നും വീഡിയോ പങ്കുവയ്ക്കുന്നത് അദ്ധ്യാപകര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും മന്ത്രി കുറിച്ചു. ഒരു കുഞ്ഞിന്റെ വിഹ്വലമുഹൂര്‍ത്തങ്ങള്‍ പങ്കു വെച്ച്, അവനെ ക്രിമിനലാക്കി, അത് സാമാന്യവത്ക്കരിച്ച് കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിര്‍ന്നവരേ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞുകളയാന്‍ സമയമായി’, ആര് ബിന്ദു കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പാലക്കാട് ജില്ലയിലെ ഒരു സ്കൂളില്‍ പ്ലസ് ടു വിന് പഠിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ മത്സരിച്ച് പ്രചരിപ്പിക്കുന്ന മുതിര്‍ന്നവരോട്, ഉള്ളില്‍ അഗ്നിപര്‍വ്വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്? ആരാണ് അതിനു കാരണക്കാര്‍? ആ കുഞ്ഞുങ്ങളാണോ? ഭഗ്നഭവനങ്ങളും സ്നേഹരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളും ഒക്കെ അതിനു കാരണമാകാം….പ്രായപൂര്‍ത്തി ആകാത്ത ഒരു കുട്ടിക്ക്, തന്റെ വിദ്യാര്‍ത്ഥിക്ക് അവന്റെ വൈകാരിക സംഘര്‍ഷങ്ങളുടെ സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കലിന്റെ, സാന്ത്വനത്തിന്റെ, ചേര്‍ത്തു പിടിക്കലിന്റെ ഒരു ആര്‍ദ്രസ്പര്‍ശം മതിയാകും അവനില്‍ മാറ്റമുണ്ടാകാന്‍ എന്നു തോന്നുന്നു. അതിനുപകരം വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് തീര്‍ച്ചയായും അദ്ധ്യാപകര്‍ക്ക് ചേര്‍ന്ന കാര്യമല്ല. കേരളത്തിലെ സ്കൂളുകളില്‍ എത്രയോ മാതൃകാപരമായ കാര്യങ്ങള്‍ നടക്കുന്നു.
കുഞ്ഞുങ്ങളും അദ്ധ്യാപകരും ചേര്‍ന്ന് പഠനം പാല്‍പ്പായസമാക്കുന്ന, സര്‍ഗ്ഗാത്മകതയുടെ ചൈതന്യം നിറഞ്ഞ എത്രയോ വീഡിയോകള്‍ ബഹു വിദ്യാഭ്യാസ മന്ത്രി പങ്കു വെക്കാറുണ്ട്! അദ്ധ്യാപകക്കൂട്ടം എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും കാണാറുണ്ട് അപ്രകാരം ചില വീഡിയോകള്‍.അവയൊന്നും ഷെയര്‍ ചെയ്യാതെ, ഒരു കുഞ്ഞിന്റെ വിഹ്വലമുഹൂര്‍ത്തങ്ങള്‍ പങ്കു വെച്ച്, അവനെ ക്രിമിനലാക്കി, അത് സാമാന്യവത്ക്കരിച്ച് കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിര്‍ന്നവരേ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞുകളയാന്‍ സമയമായി എന്ന് അനുഭങ്ങളുടെ വെളിച്ചത്തില്‍ വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.മനുഷ്യമനസ്സുകള്‍ പ്രഹേളികകളാണ്… അവ നിര്‍ദ്ധാരണം ചെയ്യല്‍ എളുപ്പമല്ല. പക്ഷേ അതിനു ശ്രമിക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട മനുഷ്യരുടെ ചുമതലയാണ്.