ചെന്നൈ: തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 1.26 കോടി രൂപയുടെ സ്വത്താണ് ഇഡി മരവിപ്പിച്ചത്. കള്ളപ്പണ കേസിലാണ് നടപടി. എഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അനിത രാധാകൃഷ്ണനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തൂത്തുക്കുടി ജില്ലയിൽ ഡിഎംകെയുടെ പ്രധാന നേതാവാണ് അനിത രാധാകൃഷ്ണൻ. തൂത്തുക്കുടി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ അനിത രാധാകൃഷ്ണന്റെ സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം ഇഡി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. ഇത് രണ്ടാം തവണയാണ് അനിത രാധാകൃഷ്ണനെതിരെ ഇഡിയുടെ നടപടി ഉണ്ടാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022ൽ അനിത രാധാകൃഷ്ണന്റെ ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 73കാരനായ അനിത രാധാകൃഷ്ണൻ ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.
തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ (ഡിവിഎസി) സമർപ്പിച്ച എഫ്ഐആറിൽ നിന്നാണ് അനിത രാധാകൃഷ്ണനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് ആരംഭിച്ചത്. അനിത രാധാകൃഷ്ണൻ തൻ്റെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് കുടുംബാംഗങ്ങളുടെ പേരിൽ സമ്പാദിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം.
2001 മെയ് 14നും 2006 മാർച്ച് 31നും ഇടയിൽ അദ്ദേഹം തൻ്റെ വരുമാന സ്രോതസ്സുകൾക്കപ്പുറം 2.07 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡിവിഎസി പിന്നീട് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കള്ളപ്പണത്തിൻ്റെ ഒരു ഭാഗം അദ്ദേഹം വിവിധ സ്ഥാപനങ്ങൾ വഴി വെളുപ്പിച്ചതായും ഇഡി അവകാശപ്പെട്ടു.