മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ ആന്‍റ് മഹാരാഷ്ട്ര പൊലീസ് ആക്‌ട് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മതം നോക്കാതെ ഡെസിബെല്‍ ലെവല്‍ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു.
അസഹനീയവും ശല്യവുമാകുന്നതുവരെ ഉച്ചഭാഷിണികളെ കുറിച്ച് പൊതുവെ ആളുകള്‍ പരാതിപ്പെടാറില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരൻ ആരെന്ന് പുറത്ത് തിരിച്ചറിയപ്പെടാത്ത വിധം തന്നെ അത്തരം പരാതികളില്‍ പൊലീസ് നടപടിയെടുക്കണം. പരാതിക്കാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണം ഉണ്ടാവാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ബെഞ്ച് നിർദേശം നല്‍കി. ശബ്ദത്തിന്‍റെ തോത് പരിശോധിക്കാൻ ഡെസിബല്‍ ലെവല്‍ അളക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാൻ സർക്കാർ പൊലീസിനോട് നിർദ്ദേശിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ശബ്ദ മലിനീകരണ നിയമത്തിലെ വ്യവസ്ഥകള്‍ ആവർത്തിച്ച് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നല്‍കിയിട്ടുള്ള അനുമതികള്‍ പിൻവലിക്കാമെന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുർളയിലെ ചുനഭട്ടിയിലും നെഹ്‌റു നഗറിലും നിരവധി മസ്ജിദുകളും മദ്രസകളുമുണ്ടെന്നും അവ ലൗഡ് സ്പീക്കറുകളും ആംപ്ലിഫയറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അവയില്‍ നിന്നുള്ള ശബ്ദം അസഹനീയമാണെന്നും ജാഗോ നെഹ്‌റു നഗർ റസിഡൻസ് വെല്‍ഫെയർ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ട ബെഞ്ച്, മുംബൈ ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വിവിധ മത വിശ്വാസികളുണ്ടെന്നും വ്യക്തമാക്കി. ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് നിരീക്ഷിച്ച കോടതി, ശബ്ദമലിനീകരണം എവിടെയുണ്ടായാലും നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ചു.