ടാറ്റ സ്റ്റീല്‍ ചെസ് ടൂർണമെന്റിനിടെ ഉസ്ബെകിസ്താനിലെ ഗ്രാൻഡ് മാസ്റ്റർ എതിരാളിയായ ഇന്ത്യൻ വനിതാ താരത്തിന് ഹസ്തദാനം നല്‍കാൻ വിസമ്മതിച്ചത് വിവാദമാകുന്നു.നെതർലൻഡ്സിലെ വിക്‌ആൻസീയിലാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നല്‍കാനാണ് ഉസ്ബെക് ഗ്രാന്റ്മാസ്റ്റർ നോദിർബെക് യാക്കുബോയെവ് വിസമ്മതിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയിട്ടും യാക്കുബോയെവ് പിൻവലിഞ്ഞു നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.വിവാദം ഉടലെടുത്തതോടെ സംഭവത്തില്‍ വിശദീകരണവുമായി ഉസ്ബെക് ഗ്രാൻഡ് മാസ്റ്റർ രംഗത്തുവന്നിട്ടുണ്ട്. അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മതപരമായ കാരണങ്ങളാലാണ് വൈശാലിക്ക് ഹസ്തദാനം നല്‍കാതിരുന്നതെന്ന് ഉസ്ബെക്കിസ്താൻ താരം വ്യക്തമാക്കി. അന്യസ്ത്രീകളെ തൊടുന്നതിന് മതപരമായി വിലക്കുണ്ട്. അതിനാലാണ് ഹസ്തദാനം ചെയ്യാതിരുന്നതെന്നും തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായി തോന്നിയെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും യാക്കുബോയെവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനു പിന്നാലെ എക്സില്‍ സുദീർഘമായ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ് പതിവുള്ള ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയത്. എന്നാല്‍, കൈ നീട്ടിയെ വൈശാലിയെ അവഗണിച്ച് യാക്കുബോയെവ് എതിരെയുള്ള കസേരയില്‍ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. യാക്കുബോയെവ് മത്സരം തോല്‍ക്കുകയും ചെയ്തു. മത്സരത്തിനു ശേഷം യാക്കുബോയെവിന് ഹസ്തദാനം നല്‍കാൻ 23കാരിയായ ഇന്ത്യൻ താരം തയാറായില്ല. ”വൈശാലിയുമായുള്ള മത്സരത്തിലുണ്ടായ ആ സംഭവത്തില്‍ എന്റെ ഭാഗം വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. തികച്ചും മതപരമായ കാരണങ്ങളാലാണ് വൈശാലിക്ക് ഹസ്തദാനം നല്‍കാതിരുന്നത്.
സ്ത്രീകളോടും ഇന്ത്യൻ ചെസ് താരങ്ങളോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, മതപരമായ കാരണങ്ങളാല്‍ ഞാൻ അന്യ സ്ത്രീകളെ സ്പർശിക്കാറില്ല. ഇന്ത്യയില്‍ നിന്നുള്ള ശക്തരായ ചെസ് താരങ്ങളെന്ന നിലയില്‍ വൈശാലിയെയും സഹോദരനെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്റെ പെരുമാറ്റം അവർക്ക് അപമാനകരമായെങ്കില്‍, ഞാൻ ക്ഷമ ചോദിക്കുന്നു. ഇതിനൊപ്പം എനിക്ക് മറ്റു ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കാനുണ്ട്. 1. ചെസ് ഒരിക്കലും ഹറാമല്ല’ – യാക്കുബോയെവ് എഴുതി. ”2. ഇതിനു മുൻപ് എന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ (2023ല്‍ ദിവ്യയുമായുള്ള മത്സരത്തില്‍ ഉള്‍പ്പെടെ സംഭവിച്ച കാര്യങ്ങള്‍) എന്റെ ഭാഗത്തുനിന്നുള്ള പിഴവായി ഞാൻ മനസ്സിലാക്കുന്നു.3. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. എതിർ ലിംഗത്തില്‍പ്പെട്ടവരുമായി ഹസ്തദാനം നടത്തരുതെന്ന് ഞാൻ ആരെയും നിർബന്ധിക്കാറില്ല. ഹിജാബോ ബുർഖയോ ധരിക്കാൻ സ്ത്രീകളെയും ഉപദേശിക്കാറില്ല.
അത് അവരുടെ മാത്രം കാര്യമായാണ് ഞാൻ കാണുന്നത്. ഇന്ന് മത്സരത്തിനു മുന്നോടിയായി എന്റെ ഈ രീതിയേക്കുറിച്ച് റുമാനിയൻ താരം ഐറിന ബുല്‍മാഗയെ ഞാൻ അറിയിച്ചിട്ടുണ്ട്. അവർ അത് അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും മത്സരത്തിനായി എത്തിയപ്പോള്‍ കുറഞ്ഞപക്ഷം ഞാൻ അവരെ അഭിവാദ്യം ചെയ്യുകയെങ്കിലും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദിവ്യയ്‌ക്കും വൈശാലിക്കും എതിരായ മത്സരത്തിനു മുന്നോടിയായി എന്റെ ഈ രീതിയെക്കുറിച്ച് അവരെ അറിയിക്കാൻ സാധിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. അതുകൊണ്ടാണ്‌അത്തരമൊരു അനാവശ്യ സംഭവം ഉണ്ടായത്”-യാക്കുബോയെവ് എക്സില്‍ കുറിച്ചു.