കായൽ സൗന്ദര്യത്തിനൊപ്പം ഇനി പുസ്തക വായനയും ആസ്വദിക്കാം ; ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ ബോട്ടിൽ ഒഴുകുന്ന പുസ്തകശാല ഒരുക്കി നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്

കോട്ടയം : നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിലാണ് ഫ്ലോട്ടിംഗ് ലൈബ്രറി സ്ഥാപിച്ചത്. ലൈബ്രറിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വോളണ്ടിയേഴ്സിന്റെയും അദ്ധ്യാപകരുടെയും പി.ടി.എ. ഭാരവാഹികളുടെയും നേതൃത്വത്തിൽ സമാഹരിച്ച മാഗസിനുകൾ, ചെറുകഥകൾ, പഠന ഗ്രന്ഥങ്ങൾ, നോവലുകൾ എന്നിവ ഉൾപ്പെടുന്ന 200 ഓളം പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ ഈ ഒഴുകുന്ന പുസ്തകശാലയിൽ ക്രമീകരിച്ചിരിക്കുന്നത്.അക്ഷരനഗരിക്ക് നാട്ടകം സ്കൂളിൻ്റെ സമ്മാനമായി നൽകിയ ഈ ഒഴുകുന്ന പുസ്തകശാല വേറിട്ട ആശയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.

Advertisements

വരും നാളുകളിൽ ജലഗതാഗതവകുപ്പിൻ്റെ മറ്റ് ബോട്ടുകളിലും പുസ്തകശാല സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നതായി പ്രിൻസിപ്പൽ ബെന്നോ ജോസഫ് അറിയിച്ചു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന നാട്ടകം സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന് ഇക്കൊല്ലം കോട്ടയം ജില്ലയിലെ മികച്ച യൂണിറ്റ് എന്ന ബഹുമതി നേടുവാൻ കഴിഞ്ഞിരുന്നു. പ്രോഗ്രാം ഓഫീസർ നോബിൾ ജോൺ, സ്കൂൾ പി.ടി.എ. വൈസ് പ്രസിഡൻ്റ് ജോതിഷ് , ജലഗതാഗത വകുപ്പ് സ്റ്റേഷൻ മാസ്റ്റർ സാബു മാധവൻ എന്നിവർ സംസാരിച്ചു. തുടർന്ന് വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടനാടൻ കാർഷിക സംസ്കൃതിയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനും കർഷകരോട് സംവദിക്കുന്നതിനു മായി ജലഗതാഗത വകുപ്പിൻ്റെ ബോട്ടിൽ ആർ ബ്ലോക്ക്, ചിത്തിരക്കായൽ പ്രദേശങ്ങൾ സന്ദർശിച്ചു.

Hot Topics

Related Articles