കോട്ടയം : വൈക്കം താലൂക്ക് ആശുപത്രിയിലെ വൈദ്യുതി തടസം നേരിട്ട് 11 വയസ്സുകാരന്റെ തലയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ സ്റ്റിച്ചിട്ട വിഷയത്തിൽ പ്രതികരണവുമായി വൈക്കം താലൂക്ക് ആശുപത്രി അധികൃതർ.ജനറേറ്ററിനു വേണ്ട ഡീസൽ സ്റ്റോക്ക് ഉണ്ടായിരുന്നുവെന്നും സാങ്കേതിക പ്രശ്നം മൂലം ജനറേറ്റർ ഓഫാക്കേണ്ടി വന്നതാണെന്നും ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ തലയിൽ സ്റ്റിച്ച് ഇടുമ്പോൾ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് അവകാശപ്പെട്ടു.വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസ്സുകാരന്റെ തലയിൽ സ്റ്റിച്ചിട്ട സംഭവം വിവാദമായതോടെയാണ് ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം വീട്ടിൽ വീണ് തലയ്ക്ക് പരിക്കേറ്റ 11 വയസ്സുകാരന്റെ മുറിവ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുണിക്കെട്ടിയെന്നാണ് പരാതി.ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞപുഴ കൂമ്പേൽ കെ.പി.സുജിത്ത് സുരഭി ദമ്പതികളുടെ മകൻ എസ്.ദേവതീർഥിന്റെ (11) തലയിലാണ് ഡോക്ടർ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടത്.ഇരുട്ടാണല്ലോ, വൈദ്യുതി ഇല്ലേ’ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന്, ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടിയെന്ന് കുടുംബം ആരോപിച്ചിരുന്നു ഇതിന്റെ ദൃശ്യങ്ങളും മാതാപിതാക്കൾ പകർത്തിയിരുന്നു.
ആശുപത്രിയിൽ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഡീസൽ സ്റ്റോക്ക് ഉണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കൾ പറഞ്ഞു. വൈദ്യുതി ഇല്ലാതിരുന്ന സമയം ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. തുടർന്ന് തിരികെ വൈദ്യുതിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നം മൂലം മൊത്തം സംവിധാനങ്ങളുടെയും പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ഈ സമയത്താണ് തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചത്. സാങ്കേതിക തകരാറുകൾ സംബന്ധിച്ച ശരിയായ ധാരണയില്ലാതെ നഴ്സിംഗ് അസിസ്റ്റന്റ് കുട്ടിയുടെ രക്ഷിതാക്കളോട് കാര്യങ്ങൾ പറഞ്ഞതാണ് വിവാദങ്ങൾക്ക് ഇട നൽകിയതെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.സംഭവം വിവാദമായതോടെ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു.സംഭവത്തിൽ പരാതി നൽകാന്നില്ലെന്ന നിലപാടിലാണ് കുട്ടിയുടെ മാതാപിതാക്കൾ.