കോട്ടയം: കാരിത്താസിനു സമീപം തട്ടുകടയിലെ തർക്കത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന യുവാവ് ആക്രമണം നടത്തിയത് പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെ. പൊലീസുകാരനാണ് എന്ന് അറിഞ്ഞതിനു ശേഷവും ശ്യാമ പ്രസാദിനെ ആക്രമിക്കുന്ന സമീപനമാണ് പ്രതി സ്വീകരിച്ചത്. ആദ്യ അടിയിൽ വീണു പോയ ശ്യാമിന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു പ്രതി. വീണു കിടന്ന ശേഷവും പല തവണ ഇദ്ദേഹത്തിന്റെ നെഞ്ചിൽ പ്രതി ചവിട്ടിയതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ(27) പൊലീസ് സംഘം പിടികൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ പ്രശാന്ത്കുമാറിന്റെ ഡ്രൈവറാണ് കൊല്ലപ്പെട്ട ശ്യാം. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായുള്ള ഗാനമേളയ്ക്ക് ശേഷം സിഐയെ സ്‌റ്റേഷനിൽ എത്തിച്ച ശേഷം ഡ്യൂട്ടി കഴിഞ്ഞ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ശ്യാം. ഡ്യൂട്ടിയ്ക്ക് ശേഷം വീട്ടിലേയ്ക്കു മടങ്ങുമ്പോൾ എല്ലാ ദിവസവും കാരിത്താസിനു സമീപമുള്ള ഈ മുറുക്കാൻ കടയിൽ എത്തുന്ന പതിവ് ശ്യാമിനുണ്ടെന്നു കടയിലെ ജീവനക്കാരൻ പൊലീസിനോടു പറഞ്ഞു.
ഇന്നലെ രാത്രിയിലും പതിവ് പോലെ ശ്യാം ഈ കടയിൽ എത്തി. ശ്യാം എത്തുമ്പോൾ കട ഉടമയെ ജിബിൻ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ശ്യാം സ്ഥലത്ത് എത്തിയതോടെ കട ഉടമ പൊലീസുകാരനാണെന്നും, മര്യാദയ്ക്ക് പോയില്ലെങ്കിൽ നിന്നെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്നും ജിബിനോട് പറഞ്ഞു. പിന്നാലെ , യാതൊരു പ്രകോപനവുമില്ലാതെ ജിബിൻ ശ്യാമിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ശ്യാമിനെ അടിച്ചു വീഴ്ത്തുകയും, വീണു കിടന്ന ഇദ്ദേഹത്തിന്റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു.
ഉടൻ തന്നെ ശ്യാം ചാടി എഴുന്നേറ്റു. ഇന്നലെ രാത്രി പൊലീസിന്റെ നൈറ്റ് പെട്രോളിംങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്‌പെക്ടർ കുമരകം എസ്.എച്ച്.ഒ കെ.എസ് ഷിജി ഈ സമയം ഇതുവഴി എത്തി. പൊലീസ് വാഹനം കണ്ട് ശ്യാം കൈ കാട്ടിയതോടെ പ്രതി ജിബിൻ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെടാൻ ശ്രമിച്ചു. ഈ സമയം കുമരകം എസ്.എച്ച്.ഒയും സംഘവും പിന്നാലെ ഓടി പ്രതിയെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം പൊലീസ് സംഘം മടങ്ങിയെത്തിയപ്പോഴേയ്ക്കും ശ്യാം ജീപ്പിനുള്ളിൽ കുഴഞ്ഞു വീണിരുന്നു. തുടർന്ന്, കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി രണ്ട് മണിയോടെ മരണം സംഭവിച്ചു.
ജിബിൻ ഗാന്ധിനഗർ പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ആക്രമണവും വധശ്രമവും മോഷണവും അടക്കം മൂന്നു കേസുകളിൽ പ്രതിയാണ് ജിബിൻ. മരിച്ച ശ്യാമിന്റെ മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.