ഫൈസാബാദ്: അയോധ്യയിൽ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലില്‍ വലിച്ചെറിഞ്ഞ നിലയില്‍ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്. കേസില്‍ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലഹരിപ്പുറത്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് ശേഷം യുവതിയുടെ നഗ്ന മൃതദേഹം ഗ്രാമത്തിനകത്തുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. എല്ലുകളൊടിച്ച നിലയിലായിരുന്നു. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു എന്നും കുംടുംബം ആരോപിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുനേരെ വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് നടക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വിഷയത്തില്‍ പ്രതികരിച്ചു. ദാരുണമായ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അഞ്ചിന് മില്‍ക്കീപൂര്‍ ഉപതെരഞ്ഞെടുപ്പ് നടന്നക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൊലപാതകം രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
യോഗി ആദിത്യ നാഥിന്റെ കീഴില്‍ ക്രമസമാധാനനില തകരാറിലായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
യുവതിയെ രക്ഷിക്കാന്‍ സാധിച്ചില്ല. ലോക്സഭയില്‍ വിഷയം മോദിയുടെ മുന്നില്‍ അവതരിപ്പിക്കും. നമുക്ക് നീതി ലഭിച്ചില്ലെങ്കില്‍ രാജിവെക്കും എന്ന് ഫൈസാബാദ് എംപി അവധേശ് പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വളരെ വികാരനിര്‍ഭരമായിട്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്.
അവധേശ് പ്രസാദിന്റെ വൈകാരികമായ പത്രസമ്മേളനം നാടകമാണെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞത്. സമാജ് വാദി പാര്‍ട്ടിയിലെ ക്രിമിനലുകള്‍ കേസിലുള്‍പ്പെട്ടതായി അന്വേഷണത്തില്‍ തെളിയുമെന്നും ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയില്‍ സംസാരിക്കുന്നതിനിടെ യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്
യുവതിെ കാണാനില്ലെന്ന് കുടുംബം നല്കിയ പരാതിയില്‍ പൊലീസ് വേണ്ട പരിഗണന നല്കിയിരുന്നെങ്കില് യുവതി കൊല്ലപ്പെടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിക്രമങ്ങളും അന്യായങ്ങളും കൊലപാതകവുമാണ് ദളിത് വിഭാഗങ്ങള്‍ക്കെതിരെ ബിജെപി ഭരണത്തില്‍ നടക്കുന്നത്. എത്ര കുടുംബങ്ങളാണ് ഇങ്ങനെ വേദനിക്കേണ്ടത് എന്ന് എക്സില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.
മനുഷ്യ സമൂഹത്തെ ഒന്നാകെ ലജ്ജിപ്പിക്കുന്ന സംഭവമാണ് നടന്നത്. മൂന്ന് ദിവസമായി പെണ്‍കുട്ടിയെ കാണാതായിട്ട്. എന്നാല്‍ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. ബിജെപിയുടേത് കാട്ടുനീതിയാണെന്നും പിന്നാക്ക വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ആരും ചെവിക്കൊള്ളുന്നില്ലെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പ്രയങ്കാ ഗാന്ധി പറഞ്ഞു.