തിരുവനന്തപുരം: ശമ്പള വിതരണം മാസാദ്യം നടത്തണമെന്നതടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ഉള്‍പ്പെടെ പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു. മധ്യകേരളത്തിലും മലബാറിലും സമരത്തെ തുടർന്ന്. ഏതാനും സർവീസുകള്‍ മുടങ്ങി. ഡയസ്നോണ്‍ പ്രഖ്യാപിച്ചും താല്‍ക്കാലിക ജീവനക്കാരെ ജോലിക്കെത്തിച്ചും മാനേജ്മെന്റ് സമരത്തെ നേരിട്ടതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ കാര്യമായി മുടങ്ങിയില്ല.
ശമ്പളം അഞ്ചാം തീയതിയ്ക്കുള്ളില്‍ നല്‍കുക, 31 ശതമാനം ഡിഎ ഉടൻ അനുവദിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ അർദ്ധരാത്രി 12 മണിമുതല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല യൂണിയനുകള്‍ സമരം തുടങ്ങിയത്. തിരുവനന്തപുരം തമ്പാനൂരില്‍ സമരക്കാർ ബസ് തടഞ്ഞെങ്കിലും പോലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റി സർവീസ് സുഗമമാക്കി. നെടുമങ്ങാട് എടിഒ യെ ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊട്ടാരക്കരയിലും പ്രതിഷേധം ഉണ്ടായി. സമരം മലബാറില്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചില്ല.