അമൃത്സർ: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ അമൃത്സറിലെത്തി. 13 കുട്ടികൾ ഉൾപ്പെടെയുള്ള സംഘമാണ് തിരിച്ചെത്തിയത്. ഇതാദ്യമായാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ സമയത്ത് തന്നെ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജനുവരി 20ന് വൈറ്റ് ഹൌസിൽ ചുമതലയേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് നടപടി ആരംഭിക്കുകയും ചെയ്തു.
അമേരിക്കയുടെ സി-17 സൈനിക വിമാനത്തിൽ 104 ഇന്ത്യക്കാരെയാണ് തിരിച്ചയച്ചത്. ടെക്സസിലെ സാൻ അന്റോണിയോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.59നാണ് ശ്രീ ഗുരു റാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഇവരിൽ 79 പേർ പുരുഷൻമാരും 25 പേർ സ്ത്രീകളുമാണ്. തിരിച്ചെത്തിയവരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് പഞ്ചാബ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. യുഎസ് എംബസിയുടെ പ്രതിനിധിയും വിമാനത്താവളത്തിൽ എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരിച്ചത്തിയ 104 പേരിൽ 33 പേർ വീതം ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പഞ്ചാബിൽ നിന്ന് 30 പേരുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്ന് രണ്ട് പേരും സംഘത്തിലുണ്ട്. നേരത്തെ, ആദ്യ സംഘത്തിൽ 200ഓളം ഇന്ത്യക്കാരുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീട് തിരിച്ചയച്ചവരുടെ എണ്ണം 104 എന്ന് സ്ഥിരീകരിച്ചു.
തിരിച്ചെത്തിയവർ ഇന്ത്യയിലെ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ പക്കൽ പാസ്പോർട്ട് ഇല്ലെങ്കിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ നിന്ന് പിടികൂടിയവരെയാണ് ആദ്യ ഘട്ടത്തിൽ തിരിച്ചയച്ചതെന്നാണ് ലഭിക്കുന്ന വിവരം.