കോട്ടയം: റോഡുകൾ തകര്‍ന്നു തീര്‍ത്തും ശോചനീയഅവസ്ഥയിലാവുകയും പാലങ്ങളുടെയും അനുബന്ധറോഡുകളുടെയും നിര്‍മാണം പൂര്‍ണമായി നിലയ്ക്കുകയും ചെയ്തിട്ടും പൊതുമരാമത്ത് വകുപ്പ് ജില്ലയോട് തികഞ്ഞ നിസംഗതയും അവഗണനയും പുലര്‍ത്തുകയാണെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയം ജില്ലയോടുളള ചിറ്റമ്മനയം ഇതര ജില്ലകള്‍ക്ക് വാരിക്കോരി നല്‍കുന്നതിനാണ്.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ പൂര്‍ത്തിയാവുന്ന റോഡുകള്‍ മാത്രമാണ് നാടിന്റെ ഏകപ്രതീക്ഷയെന്നും ലിജിന്‍ പറഞ്ഞു.പടിഞ്ഞാറന്‍ മേഖലയുടെ ചീപ്പുങ്കല്‍- മണിയാപറമ്പ് റോഡ് ടാറിംഗ് ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. ടാറിംഗിന് 3.5 കോടിയുടെ ഭരണാനുമതി ലഭിച്ചെന്ന് ഒരു വര്‍ഷം മുമ്പ് അവകാശപ്പെട്ടുവെങ്കിലും ഇപ്പോഴും നടപടിയൊന്നുമായില്ല. ആലപ്പുഴ, വൈക്കം അടക്കമുളള പ്രദേശങ്ങളില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്കുളള ഏളുപ്പമാര്‍ഗമാണ് ഈ റോഡ്. ബിഎംസി നിലവാരത്തില്‍ ടാറിംഗ് എന്നാണ് മന്ത്രി ഉ ള്‍പ്പടെ അവകാശപ്പെട്ടത്. റോഡ് ഉയര്‍ത്തുകയും ടാറിംഗ് നടക്കാതിരിക്കുകയും ചെയ്തതോടെ പൊടിശല്യത്തില്‍ സഹിക്കെട്ടിരിക്കുകയാണ് നാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടതുമുന്നണി ഭരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് അംഗീകാരം ലഭിച്ച പദ്ധതികള്‍ പോലും നടപ്പാക്കാതെ പാഴാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയിലാണ് പല റോഡ് പണിയും നടക്കാത്തത് എങ്കിലും അത് മറച്ചു പിടിക്കാനാണ് ശ്രമം.പാലായിലെ കാവു കണ്ടം – അഞ്ചിരി റോഡ് തീർത്തും ശോചനീയമായ അവസ്ഥയിലാണ്. നീലൂർ മറ്റത്തിപ്പാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പണിയാത്തതിനാൽ അനുവദിച്ച തുക തന്നെ ജില്ലാ പഞ്ചായത്ത് നഷ്ടപ്പെടുത്തി. 852 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് ആകെ നടപ്പാക്കിയത് 297 മാത്രം.
ബജറ്റ് വിഹിതത്തില്‍ 10.26 കോടി പാഴാക്കി. പദ്ധതി നടപ്പാക്കാത്തതിനാല്‍ 21 കോടി സര്‍ക്കാര്‍ തിരിച്ചെടുക്കുകയും ചെയ്തു. നടപ്പാക്കിയ പദ്ധതികള്‍ പലതും വഴിപാടായി. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന നെല്‍കൃഷിക്കുളള യന്ത്രങ്ങള്‍ കേടായി. പായല്‍ വാരാനുളള യന്ത്രമാകട്ടെ തുരുമ്പെടുത്ത് സ്വകാര്യസ്ഥാപനത്തില്‍ വിശ്രമത്തിലാണ്. കരിമീന്‍ വളര്‍ത്തലിന്റെ ഭാഗമായി 11 ലക്ഷത്തിന്റെ മത്സ്യകുഞ്ഞുങ്ങളെ ആറുകളിലും തോടുകളിലും നിക്ഷേപിച്ചു. അവ വളര്‍ന്നോ നശിച്ചോ എന്നറിയാന്‍ വഴിയുമില്ല. അശാസ്ത്രിയ രീതിയിലുളള നടപടികളാണ് ജില്ലാപഞ്ചായത്ത് പൊതുവേ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.