കണ്ണൂർ: കർണാടക രാമനഗരി ദയാനന്ദ സാഗർ നേഴ്സിംഗ് കോളേജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥി മുഴുപ്പിലങ്ങാട് സ്വദേശി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിൻസിപ്പല്‍ സ്വീറ്റ് റോസി, ക്ളാസ് കോ ഓർഡിനേറ്റർ സുജാത എന്നിവരെ കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.അനാമികയുടെ മരണത്തില്‍ ബന്ധുക്കളും സഹപാഠികളും ആരോപണവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി.കോളേജ് മാനേജ്മെന്റില്‍ നിന്ന് അനാമിക കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും കോളേജ് അധികാരികളാണ് മരണത്തിനു ഉത്തരവാദികളെന്നുമാണ് കുടുംബാംഗങ്ങളും സഹപാഠികളും ആരോപിച്ചത്. ചൊവ്വാഴ്ച രാത്രി മരിച്ചിട്ടും ബുധനാഴ്ച രാവിലെ 11 മണി വരെ മൃതദേഹം അഴിച്ചുമാറ്റിയില്ലെന്നും രണ്ട് ആത്മഹത്യ കുറിപ്പുകളില്‍ ഒന്ന് മാനേജ്മന്റ് മാറ്റിയെന്നും സഹപാഠികള്‍ പറയുന്നു. അനാമിക സഹപാഠികള്‍ക്ക് അയച്ച വാട്സ്ആപ് ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു. ഇക്കാര്യങ്ങള്‍ കോളേജ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കോളേജ് അധികൃതർക്കെതിരെ കർണആടക ഹാരോളി പൊലീസ് സ്റ്റേഷനില്‍ അനാമികയുടെ രക്ഷിതാക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.ചൊവാഴ്ച രാത്രിയാണ് അനാമികയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല സെക്രട്ടറി അലേഖ് കാടാച്ചിറ കർണാടക സർക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. അനാമികയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
കണ്ണൂർ സ്വദേശിനി അനാമിക ആത്മഹത്യ ചെയ്ത സംഭവം : പ്രിൻസിപ്പലിനും ക്ളാസ് കോ ഓർഡിനേറ്റർക്കും സസ്പെൻഷൻ
