തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 20ന് തൃശൂര്‍, 22ന് കോഴിക്കോട്, 25ന് കോട്ടയം എന്നിവിടങ്ങളിലാണ് പ്രതിഷേധ സംഗമം നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളെ അണിനിരത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. മൂന്നാംഘട്ടത്തില്‍ തൊഴിലാളി യൂണിയനുകളുമായും മറ്റ് ബസുടമ സംഘടനകളുമായും യോജിച്ച് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വര്‍ഷങ്ങളായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ നിലവിലെ കാറ്റഗറിയില്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുകയും കണ്‍സെഷന് സാമൂഹ്യമായും സാമ്പത്തികമായും മാനദണ്ഡം നിശ്ചയിക്കുക, നിസാര കാര്യങ്ങള്‍ക്ക് ഏകപക്ഷീയമായി പിഴ ചുമത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക, സര്‍വീസ് നടത്തി വരുന്ന ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയും നിസാര കാര്യങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, പൊതുമേഖലയായ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് വ്യവസായവും ഒരുപോലെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഗതാഗത നയം രൂപീകരിക്കുക, ബസ് സര്‍വീസിന് ആവശ്യമായ ചെലവ് വര്‍ധിക്കുന്നതിന് അനുസരിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിന് റെഗുലേറ്ററി കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മേഖലാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.