കോട്ടയം: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന മൂന്നു കിലോ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ നിന്നും ബംഗാൾ സ്വദേശിയെ റെയിൽവേ പൊലീസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ പരഗാനാ ജില്ലയിൽ കക്കാഡ്വിപ് സൗത്തിൽ ബിമൽ ദാസിനെ(28)യാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. റെയിൽവേ എസ്.പിയുടെ നിർദേശാനുസരണം കോമ്പിംങ് നടക്കുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നും ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മൂന്നു കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇയാളെ പിടികൂടുന്നതിന് ആർ.പി.എഫ് എസ്.ഐ എൻ.എസ് സന്തോഷ്, ആർ.പി.എഫ് ഇന്റലിജൻസ് ബ്രാഞ്ച് എ.എസ്.ഐ സിജു സേവ്യർ, ശരത് ശേഖർ എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.