കോട്ടയം: ലോകം ഗാന്ധിയെ സ്മരിക്കുമ്പോള്‍ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ഓര്‍മകളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രഭരണത്തില്‍ നടക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരൻ. സിപിഐ നേതാക്കളായിരുന്ന പി പി ജോര്‍ജ്ജ്, കുമരകം ശങ്കുണ്ണിമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അത് ചെയ്തില്ലെങ്കിൽ തങ്ങൾക്ക് നിലനിൽപ്പ് ഇല്ലെന്ന് സംഘപരിവാര ശക്തികള്‍ കരുതുന്നു. ഗാന്ധിയെ തിരിച്ചറിയാൻ ഇന്നും ഇന്ത്യയ്ക്ക് ആയിട്ടില്ല. അറിഞ്ഞിരുന്നെങ്കിൽ ഒരു ഇന്ത്യക്കാരന് അദ്ദേഹത്തെ വധിക്കാൻ ആകുമായിരുന്നില്ല. ഗാന്ധിയുടെ സത്യത്തിനും സ്നേഹത്തിനും ഇന്ന് ഏറ്റവും വിലക്കുറവ് ഉള്ള നാടാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഗുജറാത്ത്. രാജ്യത്ത് വർഗീയതയുടെ വളർച്ചതന്നെ അവിടെനിന്നുമാണ്. മഹാത്മാ ഗാന്ധിയുടെ ഓർമ നിലനിർത്തുക എന്നതാണ് വർഗീയത ഇല്ലാതാക്കാൻ ഉള്ള വഴി.
കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവർത്തനം നടത്താൻ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്ന കാലത്ത് അതിലേക്ക് ഇറങ്ങി, അതിന്റെ പ്രവര്‍ത്തനവഴിയിലെ കല്ലും മുള്ളും ചവിട്ടി വഴിതെളിച്ചവരാണ് പി പി ജോർജും കുമരകവും. ഇന്ത്യയിലെ സാധാരണ ജനത്തിനെ നിസ്വാര്‍ത്ഥമായ പൊതുപ്രവർത്തനത്തിന്റെ വഴിയിലേക്ക് ആകർഷിച്ചവരില്‍ പ്രധാനി ഗാന്ധിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്കൂട്ടത്തിൽപ്പെട്ടവരാണ് പി പി ജോർജും കുമരകം ശങ്കുണ്ണിമേനോനുമെല്ലാം. ത്യാഗപൂര്‍ണമായ ജീവിതമായിരുന്നു അവരുടേത്.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്‍ രാജേന്ദ്രൻ, സംസ്ഥാന കൗണ്‍സിലംഗങ്ങളായ പി കെ കൃഷ്ണൻ, അഡ്വ. വി കെ സന്തോഷ് കുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്ദംകുളം, മണ്ഡലം സെക്രട്ടറി ടി സി ബിനോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി പി ജോർജിന്റെ കുടുംബാംഗങ്ങളും അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.