എരുമേലി : എരുമേലിയിൽ വച്ച് തീർത്ഥാടകന്റെ തോൾ സഞ്ചി കീറി പണം മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ ഈശ്വരൻ (24) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആറാം തീയതി വെളുപ്പിനെ ഒരുമണിയോടുകൂടി എരുമേലി കൊച്ചമ്പലത്തിൽ നിന്നും ദർശനം നടത്തി വരുന്ന സമയം ഇയാൾ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന ഇരുപത്തി ഏഴാംയിരം രൂപ (27,000) മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ തമിഴ്നാട്ടിൽ നിന്നും പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ രാജേഷ്, സി.പി.ഓ മാരായ മനോജ്, ബോബി, അരുൺരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് എരുമേലി സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.