തൃശൂര്‍: മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലിരുന്ന കൊമ്പന്റെ മുറിവില്‍ പുഴുവരിക്കുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വനംവകുപ്പ്. ആന ഇപ്പോഴും വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആന നില്ക്കുന്നിടത്തു നിന്നും 10 മീറ്റര്‍ അകലെ നിന്നാണ് നിരീക്ഷണം നടത്തിയത്. മുറിവ് പറ്റിയ ഭാഗത്ത് മണ്ണ് വാരിയിട്ട നിലയിലായിരുന്നു. അതുകൊണ്ട് വ്യക്തമായൊന്നും കാണാന്‍ സാധിച്ചില്ല.
ആന പുഴയിലിറങ്ങി മുങ്ങി കയറിയാല്‍ മാത്രമേ ഈ കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. നിലവില്‍ ആന അതിരപ്പിള്ളി റേഞ്ചിലെ എരിച്ചാണി, പറയന്‍പാറ, വെറ്റിലപ്പാറ ഭാഗങ്ങളില്‍ മാറിമാറി സഞ്ചരിക്കുകയും തീറ്റയെടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആനയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആനയുടെ ചിത്രങ്ങള്‍ വനംവകുപ്പ് കൈമാറിയിട്ടുണ്ട്. നിരീക്ഷണം തുടരാനാണ് ഡോകടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ജനുവരി 24 നാണ് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി വെച്ച് ചികിത്സ നല്‍കിയത്.
നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തിൽ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായിയി.