കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസിന്റെ ആദരം. ട്രാഫിക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറാണ് കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഇദ്ദേഹത്തിന് പ്രശംസാ പത്രം നൽകി അഭിനന്ദിച്ചു.
ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 13 മൊബൈൽ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി ദിൽദാർ ഹുസൈനനെയാണ് കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ശശികുമാർ പിന്നാലെ ഓടി സാഹസികമായി പിടികൂടിയത്.