കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 പേർ മരിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും (സോഷ്യൽ ഫോറസ്ട്രി) ആവശ്യപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിൻ്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജും സജ്ജമാക്കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞത്. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയും ചെയ്തതിനെ തുടർന്നാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.
കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.