ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന തോൽപ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ വെടിക്കെട്ട് നടത്തിപ്പിനായി ഭാരവാഹികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ജില്ലാ ഭരണകൂടം വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരുന്നു.
വെടിക്കെട്ടിനായി പെസോ(പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) അംഗീകരിച്ച രൂപത്തിലുള്ള സംഭരണമുറി(മാഗസിൻ)യില്ലെന്നുൾപ്പടെയുള്ള പോരായ്മകൾ കാണിച്ചായിരുന്നു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന തെക്കുമംഗലത്തിന്റെ ദേശക്കൂത്തിന് അനുമതിക്കായും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
തോൽപ്പാവക്കൂത്തിന്റെ അവസാന ദിവസമായ മാർച്ച് 1 ന് ആണ് ചിനക്കത്തൂരിൽ പൂരം കൊടിയേറുന്നത്. മാർച്ച് 2 ന് പൂരം പറയെടുപ്പ് തുടങ്ങും. കേരളത്തിന്റെ ടൂറിസം കലണ്ടറിൽ വരെ ഇടം പിടിച്ച ചരിത്ര പ്രസിദ്ധമായ ചിനക്കത്തൂർ പൂരം മാർച്ച് 12 നാണ് നടക്കുന്നത്.