കോട്ടയം: കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങില്‍ നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും. ബർത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മർദ്ദിച്ചതും.
ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ഇത്രയും പ്രാകൃതമായ സംഭ വികാസങ്ങള്‍ നടന്നിട്ടും അധികൃതർ ആരും അറിഞ്ഞില്ലെന്നതാണ് ഏറ്റവും വലിയ ദുരൂഹത. കേസിന്റെ തുടക്കം മുതല്‍ സംഭവത്തെ പറ്റി അറിയില്ലെന്ന് പറയുന്ന അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും മൊഴിയില്‍ അന്വേഷണസംഘത്തിന് ഇപ്പോഴും സംശയമാണ്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തു വച്ചാണ് ക്രൂരമായ പീഡനം നടന്നത്. പ്രതികളായ വിദ്യാർത്ഥികള്‍ ഹോസ്റ്റല്‍ അധികൃതരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യങ്ങളില്‍ എല്ലാം വ്യക്തത വരുത്താനാണ് ഹോസ്റ്റല്‍ കോളേജ് അധികൃതരെ വീണ്ടും ചോദ്യം ചെയ്യുന്നത്. കോളേജിലെ അധ്യാപകരില്‍ നിന്നും മറ്റു വിദ്യാർത്ഥികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. അസിസ്റ്റന്റ് വാർഡിന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തില്‍ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം പ്രതികടക്കമുള്ള സീനിയർ വിദ്യാർത്ഥികള്‍ക്കായിരുന്നു. കോളേജിലെത്തി അന്വേഷണം നടത്തിയ നഴ്സിംഗ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറും.