കോട്ടയം: കാണാതായ പന്ത്രണ്ടുവയസുകാരനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുൻപ് തന്നെ കണ്ടെത്തി നൽകി ഗാന്ധിനഗർ പൊലീസ്. വൈകിട്ട് അഞ്ചരയോടെ കാണാതായ കുട്ടിയെയാണ് പരാതി വന്ന് മണിക്കൂറുകൾക്കം തന്നെ ഗാന്ധിനഗർ പൊലീസ് കണ്ടെത്തി നൽകിയത്. പുല്ലരിക്കുന്ന് സ്വദേശിയായ പന്ത്രണ്ടുകാരനെയാണ് ഇന്ന് വൈകിട്ട് അഞ്ചരയോടെ കാണാതായത്. ആദ്യ ഘട്ട തിരച്ചിലിന് ശേഷം ഏഴു മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ അറിയിക്കുന്നത്. കുട്ടിയുടെ ചിത്രം സഹിതം മാധ്യമങ്ങളിൽ വാർത്ത നൽകിയ ഗാന്ധിനഗർ പൊലീസ് നാട്ടുകാർക്കൊപ്പം തിരച്ചിലിന് നേതൃത്വവും നൽകി.
ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്ത്, എസ്.ഐ അനൂരാജ്, എ.എസ്.ഐ ദിലീപ് വർമ്മ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. പൊലീസ് സംഘം ഒന്നിച്ച് ചേർന്നു മുന്നിട്ടിറങ്ങിയതോടെ നാട്ടുകാരും ആവേശത്തോടെ ഒപ്പം ചേർന്നു. കുട്ടിയ്ക്കായി ഒരു മണിക്കൂറോളം തിരഞ്ഞ ശേഷമാണ് കുട്ടിയുടെ കൊച്ചാപ്പയ്ക്ക് കുട്ടി പുല്ലരിക്കുന്ന് സ്റ്റാറ്റ്‌സിനു സമീപം ടർഫിൽ ഉള്ളതായി സംശയം തോന്നിയത്. ടർഫിനു സമീപം കുട്ടിയുടെ സൈക്കിൾ കണ്ടതായി കുട്ടിയുടെ ബന്ധുവിന് വിവരം ലഭിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം തന്നെ സ്ഥലത്ത് ഗാന്ധിനഗർ പൊലീസ് സംഘം കുതിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കയ്യിൽ കോരിയെടുത്ത് ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്ത് തന്നെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചപ്പോൾ തന്നെ പൊലീസ് സംഘം കർമ്മ നിരതരായി രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ മറ്റൊരു മിസിംങ് കേസുമായി ബന്ധപ്പെട്ട് എത്തിയ തൃശൂർ സ്വദേശി ഗാന്ധിനഗർ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും കത്ത് നൽകിയിരുന്നു.