കോട്ടയം: ബൈക്കും കാറും തമ്മിൽ തട്ടിയതിനെ തുടർന്ന് 19 കാരനെ പ്രകോപനമില്ലാതെ കാർ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംങ് ഒന്നാം വർഷ വിദ്യാർത്ഥിയായ കുന്നേൽ ആഷിക് ബൈജു(19)വിനാണ് മർദനമേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു സംഭവം. കോളേജ് ഹോസ്റ്റലിൽ താമസിച്ചാണ് ആഷിക് പഠിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ബൈക്കിൽ വീട്ടിൽ പോകുകയും വരികയുമാണ് പതിവ്. വീട്ടിൽ നിന്ന് വരുന്ന ദിവസം ബൈക്ക് സുഹൃത്തിന്റെ വീട്ടിൽ വയ്ക്കുകയും കൊണ്ടു പോകുന്ന ദിവസം ഈ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്കു പോകുകയുമാണ് ചെയ്യുന്നത്. വെള്ളിയാഴ്ച ഈ വീട്ടിൽ നിന്നും ബൈക്ക് എടുത്ത യുവാവ് പെട്രോൾ അടിയ്ക്കുന്നതിനു പരുത്തും പാറ ഭാഗത്തേയ്ക്കു വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം മുന്നിൽ പോയ ഓട്ടോറിക്ഷ വലത്തേയ്ക്കു വെട്ടിച്ചപ്പോൾ വെട്ടിച്ചു മാറ്റിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ തട്ടിയതായി ആഷിക് പറയുന്നു. ബൈക്ക് കാറിൽ തട്ടി ആഷിക് റോഡിൽ വീണു. ഈ സമയം കാറിനുള്ളിൽ നിന്നും ഇറങ്ങി വന്നയാൾ പ്രകോപനമൊന്നുമില്ലാതെ ആഷിക്കിനെ ചാടിയിറങ്ങി ചവിട്ടുകയായിരുന്നെന്ന് ഇവർ ചിങ്ങവനം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചാടിയിറങ്ങി ചവിട്ടിയ കാർ ഡ്രൈവർ ആഷിക് നിലത്ത് വീണിട്ടും ചവിട്ടു തുടർന്നു. ഒടുവിൽ നാട്ടുകാർ ചേർന്നാണ് ആഷിക്കിനെ രക്ഷിച്ചത്.
പരിക്കേറ്റ ആഷിക്കിനെ ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ആഷിക് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കാർ ഡ്രൈവർക്ക് എതിരെ കേസെടുത്ത ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.