മോസ്‌കോ: യുക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്‍മാറ്റം ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതു സഭയിലെത്തും. യു എന്‍ പൊതു സഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.
ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചര്‍ച്ചയിലൂടെ യുക്രൈന്‍ റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യുഎന്നില്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി വിശദീകരിച്ചു. ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങള്‍ക്ക് ഇടം കൊടുക്കാനെന്നാണ് ഇന്ത്യയുടെ വിശദീകരണം. ചര്‍ച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷ്യക്ക് എതിരായ പ്രമേയത്തില്‍ ചൈനയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. എതിര്‍പ്പക്ഷത്ത് അമേരിക്കയായതിനാല്‍ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയില്‍ കയറ്റുമതിയില്‍ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ഇനി 192 അംഗ പൊതു സഭയില്‍ ഇനി വിഷയമെത്തും.
എന്താണ് വീറ്റോ അധികാരം?
ഒരു ഔദ്യോഗിക നടപടി, പ്രത്യേകിച്ചും നിയമനിര്‍മ്മാണത്തില്‍ ഏകപക്ഷീയമായി നിര്‍ത്താനുള്ള അധികാരമാണ് വീറ്റോ (ലാറ്റിന്‍ : ‘ഞാന്‍ വിലക്കുന്നു ‘). ഉദാഹരണത്തിന്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍, അവരുടെ സ്ഥിര അംഗങ്ങള്‍ക്ക് (ചൈന, ഫ്രാന്‍സ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്കന്‍ ഐക്യനാടുകള്‍) ഏതെങ്കിലും പ്രമേയം തടയാന്‍ കഴിയും, അല്ലെങ്കില്‍ ഇത് പരിമിതപ്പെടുത്താം.