ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ വീണതിന് പിന്നാലെ ചികിത്സക്കും ചൈനയെ ആശ്രയിക്കാൻ ബംഗ്ലാദേശ് തീരുമാനം. ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉടൻ ചൈനയിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശി രോഗികളുടെ ആദ്യ ഗ്രൂപ്പിന് ഈ വർഷം മാർച്ചിൽ തന്നെ ചൈനയിൽ ചികിത്സ ലഭിക്കും. ഷെയ്ഖ് ഹസീനയുടെ കാലത്ത് ബംഗ്ലാദേശ് പൗരന്മാർ ചികിത്സക്കായി കൊൽക്കത്തയെ ആശ്രയിച്ചിരുന്നു.
ഓരോ മാസവും പതിനായിരത്തോളം ബംഗ്ലാദേശി രോഗികളാണ് കൊൽക്കത്തയിലെ ആശുപത്രികളിലെത്തിയിരുന്നത്. എന്നാൽ, ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയെത്തിയതോടെ ബന്ധത്തിൽ വിള്ളൽ വീണു. നിലവിൽ കൊൽക്കത്തയിലെയും ത്രിപുരയിലെയും പല ആശുപത്രികളും ശരാശരി 10%-15% വരുമാന നഷ്ടം രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൈനയിലെ യുനാൻ പ്രവിശ്യയിലെ മൂന്ന് മികച്ച ആശുപത്രികൾ ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ സ്വീകരിക്കാൻ ഒരുക്കിയിട്ടുണ്ടെന്ന് ധാക്ക ആസ്ഥാനമായുള്ള പ്രോതോം അലോ റിപ്പോർട്ട് ചെയ്തു. പീപ്പിൾസ് ഹോസ്പിറ്റൽ, കുൻമിംഗ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ അഫിലിയേറ്റഡ് ഹോസ്പിറ്റൽ, ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഫുവായ് യുനാൻ ഹോസ്പിറ്റൽ എന്നിവയിലാണ് സൗകര്യം ഒരുക്കുന്നത്.
വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതുൾപ്പെടെയുള്ള സേവന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ധാക്കയിൽ നിന്നുള്ള പ്രതിനിധികൾ ചൈനീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ട്.
ധാക്കയിൽ ബംഗ്ലാദേശ്-ചൈന സൗഹൃദ ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചൈനയെ ബംഗ്ലാദേശ് സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ബംഗ്ലദേശിനോട് വിശദമായ റിപ്പോർട്ട് ചൈന തേടിയിട്ടുണ്ട്.
ജൂലൈ-ഓഗസ്റ്റ് കലാപത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി പ്രത്യേക ആധുനിക ഉപകരണങ്ങൾ നൽകാനും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.
രോഗികൾക്കുള്ള മെഡിക്കൽ വിസ ഇന്ത്യ നിരസിക്കുന്നതായി നേരത്തെ ബംഗ്ലാദേശ് പരാതിപ്പെട്ടിരുന്നു. ഓരോ വർഷവും ഏകദേശം 1.2 ലക്ഷം ബംഗ്ലാദേശി രോഗികൾ ഇന്ത്യ സന്ദർശിച്ചിരുന്നു.
എന്നാൽ, പ്രക്ഷോഭത്തെത്തുടർന്ന് പലരും സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് മാറാൻ തുടങ്ങി. ആരോപണങ്ങളോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിലെ ഇന്ത്യൻ വിസ സെൻ്റർ, കഴിഞ്ഞ മാസം, ബംഗ്ലാദേശ് പൗരന്മാർക്ക് അടിയന്തര മെഡിക്കൽ, സ്റ്റുഡൻ്റ് വിസകൾ ആവശ്യമുള്ള പരിമിതമായ അപ്പോയിൻ്റ്മെൻ്റ് സ്ലോട്ടുകൾ മാത്രമാണ് നൽകിയതെന്നും ബംഗ്ലാദേശ് ആരോപിച്ചു. ധാക്ക ഉൾപ്പെടെ ബംഗ്ലാദേശിലെ അഞ്ച് ഇന്ത്യൻ വിസ കേന്ദ്രങ്ങളിലെ പ്രതിദിന ഓൺലൈൻ വിസ സ്ലോട്ടുകൾ ജൂലൈയ്ക്ക് ശേഷം 7,000 ൽ നിന്ന് 500 ആയി കുറഞ്ഞെന്നും ബംഗ്ലാദേശ് പറഞ്ഞു.
അതേസമയം, ഇന്ത്യയെ ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള ബംഗ്ലാദേശിൻ്റെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. നേരത്തെ ഉരുളക്കിഴങ്ങും ഉള്ളിയും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് പുറമെ, മറ്റ് സ്രോതസ്സുകൾ ധാക്ക അന്വേഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ തുണിത്തരങ്ങളുടെയും കാർഷിക കയറ്റുമതിയുടെയും പ്രധാന വിപണിയാണ് ബംഗ്ലാദേശ്.