ന്യൂഡല്‍ഹി: യുക്രെയ്നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ ഇന്നു നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. പതിനേഴ് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 470 അംഗ സംഘം ഇന്ന് ഉച്ചയോടെ എത്തിച്ചേരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഘം നേരത്തെ തന്നെ റൊമാനിയന്‍ അതിര്‍ത്തി കടന്നിരുന്നു.
ഇന്ന് രാവിലെ ഒരു വിമാനം റൊമാനിയയിലേക്കും മറ്റൊന്ന് ഹംഗറിയിലേക്കും പുറപ്പെടും. പോളണ്ട് ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ വഴിയുള്ള രക്ഷപ്രവര്‍ത്തനവും പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു.
കൂടുതല്‍ പേരെ യുക്രെയ്നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടി പുരോഗമിക്കുകയാണ്.രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള സമിതി യോഗം ചേരും. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തില്‍ റഷ്യയുമായും യുക്രെയ്നുമായുമുള്ള ഇന്ത്യയുടെ വാണിജ്യ സാഹചര്യം അവലോകനം ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. അതെസമയം കീവ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് എത്തിക്കാനുളള നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വ്യക്തത വരുത്തും.