പണവും സ്വർണവും മറ്റുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു : തന്ത്രപരമായ നീക്കത്തിലൂടെ ബാഗ് കണ്ടെത്തിവീട്ടമ്മയെ തിരിച്ചേൽപ്പിച്ച് തിരുവല്ല പൊലീസ്

തിരുവല്ല:
പണയം വയ്ക്കാൻ അഞ്ചര പവൻ സ്വർണവും, 35000 രൂപയും, മൊബൈൽ ഫോണും, വീടിന്റെ താക്കോലും മറ്റ് വിലപ്പെട്ട രേഖകളും സൂക്ഷിച്ച ബാഗുമായി ഇന്നലെ രാവിലെ 11 മണിയോടെ സെൻട്രൽ ബാങ്ക് ശാഖയിലേക്ക് ഇറങ്ങിയതാണ് തിരുവല്ല തുകലശ്ശേരി മട്ടക്കൽ പള്ളത്തുവീട്ടിൽ പ്രഭാ ഐപ്പ്. കാർ പുറത്തേക്ക് ഇറക്കാനായി വീടിന്റെ ഗേറ്റ് തുറക്കാൻ പോയ നേരം ബാഗ് കാറിന് മുകളിൽ വച്ചു. തുടർന്ന് കാർ സ്റ്റാർട്ട് ചെയ്ത് യാത്രതിരിച്ചു. ബാഗ് കാറിലെ സീറ്റിൽ വച്ചുവെന്നാണ് വിചാരിച്ചാണ് യാത്ര തുടർന്നത്. ബാങ്കിലെത്തി നോക്കുമ്പോൾ കാറിനുള്ളിൽ ബാഗ് കാണാനില്ല. ബാഗ് കാറിനു മുകളിൽ വച്ചിട്ട് എടുക്കാഞ്ഞകാര്യം അപ്പോഴാണ് പ്രഭാ ഐപ്പ് ഓർത്തത്. പരിഭ്രാന്തയായ വീട്ടമ്മ തിരികെ വന്ന വഴിയിലൂടെ കാർ ഓടിച്ചു പോയി റോഡിലെല്ലാം നോക്കിയെങ്കിലും ബാഗ് കിട്ടിയില്ല.

Advertisements

പണവും സ്വർണവും മൊബൈൽ ഫോണും പാസ്ബുക്കും വീടിന്റെ താക്കോലും ഉൾപ്പെടെ നിരവധി രേഖകൾ വച്ച ബാഗ് നഷ്ടപ്പെട്ട പ്രഭ വീട്ടിൽ തിരിച്ചു കയറാനും നിവൃത്തിയില്ലാതെ തിരുവല്ല പോലീസിനെ സമീപിക്കുകയായിരുന്നു. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണന് പ്രഭാ ഐപ്പ് കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ച് നഷ്ടപ്പെട്ട തന്റെ ബാഗ് തിരികെ ലഭിക്കാൻ വേണ്ടത് ചെയ്യണമെന്ന് കാട്ടി അപേക്ഷ നൽകി. വീട്ടമ്മയുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ പൊലീസ് ഇൻസ്‌പെക്ടർ ബാഗ് കണ്ടെത്തി നൽകാൻ പരമാവധി ശ്രമിക്കുമെന്നു വാക്കുനൽകി. തുടർന്ന് പ്രൊബേഷൻ എസ് ഐ ഹരികൃഷ്ണനോട്‌ അന്വേഷണം നടത്താൻ നിർദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് സി പി ഓമാരായ മനോജ്‌ കുമാർ, അഖിലേഷ്, സി പി ഓ അരുൺ രവി എന്നിവരെയും ഒപ്പം കൂട്ടി പ്രൊബേഷൻ എസ് ഐ ബാഗ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. തുടർന്ന് ഉച്ചവരെ വീട്ടിലെയും യാത്രാവഴിയിലെയും സി സി ടി വി ദൃശ്യങ്ങൾ സംഘം പരിശോധിച്ചു. വീട്ടിൽ നിന്നും കാറിന് മുകളിലെ ബാഗിന്റെ സഞ്ചാരവഴി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് മനസ്സിലാക്കി. തിരുവല്ല ടീന സിഗ്നൽ വരെ ബാഗ് കാറിന്റെ മുകളിൽ ഉണ്ടായിരുന്നു. പിന്നീടുള്ള ദൃശ്യങ്ങൾ ലഭ്യമായില്ല. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കുകയായിരുന്നു. മൊബൈലിൽ ബെൽ അടിപ്പിച്ച് ഒടുവിൽ ബാഗ് കിട്ടിയ ആളെ കണ്ടെത്തി. ഓട്ടോറിക്ഷാ ഡ്രൈവർക്കാണ് റോഡിൽ നിന്നും ബാഗ് കിട്ടിയത് അയാൾ അത് വണ്ടിക്കുള്ളിൽ എടുത്തുവച്ചതാണെന്ന് പൊലീസിനെ അറിയിച്ചു.

അയാളിൽ നിന്നും വാങ്ങിയശേഷം വീട്ടമ്മയെ വിളിച്ചുവരുത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ബാഗ് തിരികെ ഏൽപ്പിക്കുകയായിരുന്നു. ഒരു നിമിഷത്തെ അശ്രദ്ധയിൽ സംഭവിച്ച അബദ്ധത്തിൽ ആകെയുലഞ്ഞുപോയ വീട്ടമ്മ തിരുവല്ല പൊലീസിന്റെ കർമ്മനിരതമായ സേവനത്തിനു ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.

Hot Topics

Related Articles